ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒന്നാം ഇന്നിങ്സിന് ശേഷം 190 റണ്‍സിന്റെ ലീഡില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യത്തെ ഹോം മാച്ച് ആണിത്.
ഇന്ത്യയുടെ തോല്‍വിക്ക് കാരണം രോഹിത് ശര്‍മയാണെന്ന് പറയുകയാണ് മൈക്കല്‍ വോണ്‍. വിരാട് കോഹ്ലി ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ മത്സരം തോല്‍ക്കില്ലായിരുന്നെന്ന് വോണ്‍ പറഞ്ഞു.
‘ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി അവര്‍ക്ക് വലിയ നഷ്ടമാണ്. വിരാടിന്റെ ക്യാപ്റ്റന്‍സില്‍ ഇന്ത്യ കളി തോല്‍ക്കില്ലായിരുന്നു,’ക്ലബ് പ്രേരി ഫയര്‍ ഷോയില്‍ വോണ്‍ പറഞ്ഞു.
‘രോഹിത് ഒരു ഇതിഹാസവും മികച്ച കളിക്കാരനുമാണ്. പക്ഷേ അവന്‍ പൂര്‍ണമായും സ്വിച്ച് ഓഫ് ആയെന്നാണ് എനിക്ക് തോന്നിയത്,’മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ മൈക്കല്‍ വോണ്‍ താഴ്ന്ന ശരാശരിയില്‍ ഒതുക്കി സംസാരിക്കുകയും ചെയ്തു.
‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി താഴ്ന്ന ശരാശരി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് പകരം അദ്ദേഹം ഡിഫന്‍ഡ് ചെയ്യുകയാണെന്ന് എനിക്ക് തോന്നി. ഫീല്‍ഡ് മാറ്റിയതിലും ബൗളിങ്ങിലും അത് പ്രകടമായി. ഒല്ലി പോപ്പിന്റെ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും നേരിടാന്‍ അദ്ദേഹം പാടുപെട്ടു,’ വേണ്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബോര്‍ഡില്‍ 246 റണ്‍സെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയില്ലാതെ ഇറങ്ങിയ ഇന്ത്യ യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ബലത്തില്‍ 436 റണ്‍സ് നേടി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഒല്ലീ പോപ്പിന്റെ മികച്ച പ്രകടനത്തില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് എത്തുകയായിരുന്നു. 278 പന്തില്‍ നിന്ന് 196 റണ്‍സാണ് പോപ് നേടിയത്. 21 ബൗണ്ടറി അടക്കമാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സിനാണ് തകര്‍ന്നത്.
Content Highlight: Michael Vaughan Talks About Rohit Sharma