| Tuesday, 9th July 2024, 12:24 pm

അവർ വിരമിക്കുന്നതിന് മുമ്പ് രണ്ട് ഏകദിന ട്രോഫികൾ എങ്കിലും നേടണമായിരുന്നു: മൈക്കൽ വോൺ

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. ഈ ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ രോഹിത്, കോഹ്‌ലി, ജഡേജ എന്നിവര്‍ വിരമിക്കുന്നതിനു മുമ്പായി ഒരു വൈറ്റ് ബോള്‍ ട്രോഫി എങ്കിലും നേടണമായിരുന്നു എന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ക്ലബ്ബ് പ്രേരി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം.

‘ടി-20 ലോകകപ്പ് നേടിക്കൊണ്ട് വിരമിക്കുക എന്നുള്ളത് ഏറ്റവും മികച്ചതാണെന്ന് എല്ലാവരും പറയും. എന്നാല്‍ അവര്‍ വൈറ്റ് ബോള്‍ ട്രോഫികള്‍ നേടണം ആയിരുന്നു. മറ്റൊരു കാര്യം എന്തെന്നാല്‍ 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് രോഹിത് ഒരു ടി-20 കിരീടം നേടിയത്. അവർ ഒന്നു രണ്ടു തവണ കൂടി വിജയിക്കണമായിരുന്നു. അവര്‍ക്ക് ഇനി ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണിയെ പോലെ ഒരുപാട് കാലം കളിക്കാം. ഇന്ത്യയുടെ ടി-20 ടീമില്‍ ഒരുപാട് പ്രതിഭകള്‍ ഉള്ളതിനാല്‍ ടീമില്‍ എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും,’ മൈക്കല്‍ വോണ്‍ പറഞ്ഞു.

അതേസമയം ഇപ്പോള്‍ സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഉള്ളത്. ടി-20 ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു കൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം ഹരാരെയിലേക്ക് വിമാനം കയറിയത്.

Content Highlight: Michael Vaughan talks About Indian Players T20 Retirement

We use cookies to give you the best possible experience. Learn more