| Tuesday, 11th June 2024, 2:35 pm

പുറത്ത് നിന്നും നോക്കുമ്പോള്‍ വമ്പന്‍ താരങ്ങളാണ് അവര്‍ക്കുള്ളത്, പക്ഷെ ലോകകപ്പില്‍ അത് കാണുന്നില്ല; മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഒരു പോയിന്റ് മാത്രമായി ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. സ്കോട്ലാൻഡിനെതിരെയുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെട്ടത്. അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം മികച്ച പ്രകടനം ഇംഗ്ലണ്ടിന് നടത്തണം.

ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനങ്ങളില്‍ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

‘ഇംഗ്ലണ്ട് ലോകകപ്പില്‍ മോശം പ്രകടനം നടത്തുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. ഇംഗ്ലണ്ട് ടീം സമീപകാലങ്ങളില്‍ കുറച്ച് തകര്‍ച്ചയിലാണ്. ഇതിന് പുറമേ ടീമിന്റെ സെലക്ഷനുകളില്‍ വീണ്ടും തെറ്റുകള്‍ സംഭവിക്കുന്നു. ടീമിന് പുറത്തുനിന്നു നോക്കുമ്പോള്‍ കളിക്കാര്‍ എല്ലാം വളരെ ശക്തരാണെന്ന് എനിക്ക് തോന്നുന്നു പക്ഷേ കളിക്കളത്തില്‍ അത് സാധ്യമാക്കാന്‍ ഇംഗ്ലണ്ടിന് കഴിയുന്നില്ല,’ മൈക്കല്‍ വോണ്‍ ടെലിഗ്രാഫിലൂടെ പറഞ്ഞു.

2019 ഐ.സി.സി ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിനെ കുറിച്ചും വോണ്‍ പറഞ്ഞു.

‘2019 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഭയമില്ലാതെയാണ് ക്രിക്കറ്റ് കളിച്ചത്. ഇയോന്‍ മോര്‍ഗന്‍ മികച്ച രീതിയിലായിരുന്നു അന്ന് ടീമിനെ നയിച്ചത്. ഓരോ കളിക്കാരും ടീമില്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു,’ മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനു മുന്നോടിയായി നടന്ന പാകിസ്ഥാനെതിരെയുള്ള പരമ്പര 2-0ത്തിന് സ്വന്തമാക്കിയായിരുന്നു ജോസ് ബട്‌ലറും സംഘവും കുട്ടി ക്രിക്കറ്റിന്റെ പോരാട്ട ഭൂമിയിലേക്ക് എത്തിയത്.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള തോല്‍വി ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ വിലങ്ങുതടിയായാണ് മാറിയത്. ജൂണ്‍ 14ന് ഒമാനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Michael Vaughan Talks about England Cricket team

We use cookies to give you the best possible experience. Learn more