ഐ.പി.എല്ലില്‍ മെയ് 22ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒമ്പതാം തവണയും ബെംഗളുരു പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും ആര്‍ക്കും ബെംഗളൂരുവിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ ഐ.പി.എല്‍ കിരീടത്തിന് വേണ്ടിയുള്ള ബെംഗളൂരുവിന്റെ കാത്തിരിപ്പ് നീളുകയാണ്.
വിരാട് കോഹ്‌ലി ടീമിന് വേണ്ടി സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ എട്ട് മത്സരങ്ങലില്‍ ഏഴും പരാജയപ്പെട്ട് പിന്നീട് ആറ് മത്സരങ്ങള്‍ വിജയിച്ചാണ് ടീം പ്ലേ ഓപില്‍ എത്തിയത്. ഇതിനെല്ലാം പുറകെ വിരാട് കോഹ്‌ലി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
മിക്ക ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും 39-40 വയസാകുമ്പോള്‍ വിരമിക്കാറുണ്ടെന്നും എന്നാല്‍ വിരാടിന് തന്റെ ഫിറ്റ്‌നസ് മികവ് കൊണ്ട് 40 വയസിന് മുകളിലായാലും വിരമിക്കാമെന്നും വോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനേക്കാള്‍ നേരത്തെ വിരാട് വിരമിക്കുമെന്നാണ് വോണ്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
രണ്ട് കൊച്ചുകുട്ടികളുടെ പിതാവായ കോഹ്‌ലിയുടെ ജീവിതം ഇപ്പോള്‍ മാറിയെന്ന് വോണ്‍ കരുതുന്നു.
തന്റെ മകന്‍ അകായ് ജനിച്ചതിനാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നഷ്ടമാകുമ്പോള്‍ ക്രിക്കറ്റിനേക്കാള്‍ കുടുംബത്തിന് കോഹ്ലി മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിരുന്നുവെന്ന് വ്യക്തമായിരുന്നു.
‘വിരാട് കോഹ്‌ലി മികച്ച ബാറ്റിങ് കഴിവുള്ളയാളാണ്. അദ്ദേഹത്തിന് കുറച്ച്കാലം കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, വിരമിക്കല്‍ എല്ലായ്‌പ്പോഴും ഒരു പരിഗണനയാണ്, പ്രത്യേകിച്ചും ഒരാള്‍ക്ക് ഒരു യുവ കുടുംബം ഉള്ളപ്പോള്‍, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരാളുടെ മുന്‍ഗണനകളും മാനസികാവസ്ഥയും മാറാം. ഭാവിയില്‍ കൂടുതല്‍ ശാന്തമായ സമയം ചെലവഴിക്കാന്‍ കോഹ്‌ലി തീരുമാനിക്കുമെന്ന് തോന്നുന്നു,’ വോണ്‍ ക്രിക്ക്ബസിനോട് പറഞ്ഞു.
Content Highlight: Michael Vaughan Talking About Virat Kohli