ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റസുമായുള്ള വിരാട് കോഹ്‌ലിയുടെ ‘കൂട്ടിയിടിയാണ്’. വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു.
കോണ്‍സ്റ്റസിനെ സ്ലെഡ്ജ് ചെയ്യണമെന്നും അതുവഴി താരത്തിന്റെ മൊമെന്റം ഇല്ലാതാക്കണമെന്നും തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു വിരാടിന്റെ പ്രവൃത്തി. ഇതോടെ വിരാടിന് ഐ.സി.സി മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കില്‍ വോണ്‍ വിരാടിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിരാട് കോണ്‍സ്റ്റസിനെതിരെ അത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പാടില്ലെന്നായിരുന്നു മുന്‍ താരം പറഞ്ഞത്.
‘വിരാടിന് അതിന്റെ ആവശ്യമില്ലായിരുന്നു. വിരാട് കോഹ്‌ലി അനുഭവപരിചയമുള്ളയാളാണ്. അവന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം കരുതുന്നു. 19കാരന്‍ തന്റെ ബാറ്റിങ് പങ്കാളിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു, പക്ഷെ വിരാട് അവനെ ചാര്‍ജ് ചെയ്തു. മാച്ച് റഫറി തീര്‍ച്ചയായും സംഭവം പരിശോധിക്കും,’ മൈക്കല്‍ വോണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
സംഭവം കൂടുതല്‍ ചൂടുപിടിക്കും മുമ്പ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.സി.സി ഇക്കാര്യം പരിശോധിച്ചതോടെ വിരാടിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
Content Highlight: Michael Vaughan Talking About Virat Kohli