ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 233 റണ്‍സിന് ടീം ഓള്‍ ഔട്ട് ആയിരുന്നു. ശേഷം കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ടര ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മത്സരം വിജയിക്കാന്‍ ഏതറ്റം പോവാനും തയ്യാറായ ഇന്ത്യന്‍ ബൗളിങ് നിരയും ബാറ്റിങ് നിര അഗ്രസീവ് സ്റ്റൈല്‍ കൊണ്ടുവരുകയായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ 146 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആക്കിയപ്പോള്‍ 95 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു ഇന്ത്യ.
എന്നാല്‍ ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഇന്ത്യയുടെ അഗ്രസീവ് ശൈലിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗൗതം ഗംഭീറിന്റെ പുതിയ രീതിയെ ‘ഗാംബോള്‍’ എന്നും ഇത് ഇംഗ്ലണ്ടിന്റെ ബാസ് ബോളുമായി സാമ്യമുണ്ടെന്നുമാണ് വോണ്‍ പറഞ്ഞത്.
‘ഗാംബോള്‍ ബാസ്‌ബോളിന് സമാനമാണ്. ഞാന്‍ കളി കണ്ടു, ഇന്ത്യ ബാസ്‌ബോള്‍ കളിക്കുന്നു എന്ന് എഴുതുകയും ചെയ്തു. ഇതിന് 1.2 ദശലക്ഷം വ്യൂവേഴ്‌സും 2000 റിപ്ലെയും ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് നല്ലതാണ്, അവര്‍ ബാസ്‌ബോളര്‍മാരായി. അവര്‍ 34.4 ഓവറില്‍ 285 റണ്‍സ് നേടി, അങ്ങനെ അവര്‍ ഇംഗ്ലണ്ടിനെ കോപ്പിയടിച്ചു. ഇംഗ്ലണ്ടിന്റെ ശൈലിയാണ് ഇന്ത്യ പിന്തുടരുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല,’ മൈക്കല്‍ വോണ്‍ പറഞ്ഞു.
മഴമൂലം രണ്ടാം ടെസ്റ്റിലെ രണ്ടര ദിവസം നഷ്ടപ്പെട്ടപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുമെന്നായിരുന്നു ആരാധകരടക്കം ചിന്തിച്ചത്. എന്നാല്‍ ഒറ്റ ഇന്നിങ്സിലെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് തകര്‍പ്പന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നടുത്തത്.