|

അവനെ കീഴ്‌പ്പെടുത്താന്‍ അത്ര എളുപ്പമല്ല, വിരമിക്കുന്നതിന് മുമ്പ് പലതും അവന്‍ നേടും: മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പുറത്തെടുത്തത്.

തന്റെ ആദ്യ ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യം റണ്‍സിന് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കയ്യില്‍ എത്തിച്ചാണ് അര്‍ഷ്ദീപ് തുടങ്ങിയത്. പിന്നീട് നാല് റണ്‍സിന് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനേയും താരം കീഴ്‌പ്പെടുത്തി. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 വിക്കറ്റ് നേടുന്ന താരമകാനും അര്‍ഷ്ദീപിന് സാധിച്ചു. 97 വിക്കറ്റുകളാണ് താരം നേടിയത്, ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വേണ്‍.

‘ബോള്‍ രണ്ട് വഴിക്കും മൂവ് ചെയ്യിപ്പിക്കാന്‍ അവന് കഴിയും, അത് ഒരു ക്ലാസ് ആക്റ്റാണ്. സമ്മര്‍ദം ഇഷ്ടപ്പെടുന്നവനാണ് അവന്‍, ഒപ്പം ടീമിന് വേണ്ടി വിക്കറ്റ് ടേക്കിങ് ട്രെന്‍ഡ് സജ്ജമാക്കുകയും ചെയ്യുന്നു. ടി-20യില്‍ അര്‍ഷ്ദീപ് 100 വിക്കറ്റിന് അടുത്താണ്. വിട പറയുന്നതിന് മുമ്പ് അദ്ദേഹം ഇനിയും പലതും നേടാന്‍ പോകുകയാണ്.

അവനെ അത്ര പെട്ടന്ന് കീഴ്‌പ്പെടുത്താന്‍ കഴിയില്ല. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അദ്ദേഹം ധാരാളം ക്രിക്കറ്റ് കളിക്കാന്‍ പോകുന്നു. വിരമിക്കുമ്പോള്‍ പിടിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നമ്പര്‍ അദ്ദേഹം ബോര്‍ഡില്‍ ഇടും,’ വോണ്‍ ക്രിക്ബസില്‍ പറഞ്ഞു.

ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം. ബട്‌ലറടക്കം മൂന്ന് പേരെയാണ് താരം പുറത്താക്കിയത്. അക്‌സര്‍ പട്ടേല്‍  രണ്ട് വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 232.35 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ശര്‍മ താണ്ഡവമാടിയത്. ആദില്‍ റാഷിദിന്റെ പന്തിലാണ് താരം പുറത്തായത്.

മത്സരത്തില്‍ അഭിഷേകിന് പുറമെ മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണ്‍ ആണ്. ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടി പതിയെ തുടങ്ങിയപ്പോള്‍ രണ്ടാം ഓവറിനായി എത്തിയ ഗസ് ആറ്റ്കിന്‍സണെ നാല് ഫോറും ഒരു സിക്സുമാണ് സഞ്ജു അടിച്ചത്.

എന്നാല്‍ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഒരു ബിഗ് ഷോട്ടിന് ശ്രമിച്ച് ഗസിന്റെ കയ്യിലാകുകയായിരുന്നു സഞ്ജു. 20 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 26 റണ്‍സ് നേടിയാണ് മലയാളി സൂപ്പര്‍ താരം പുറത്തായത്.

Content Highlight: Michael Vaughan Talking About Arshdeep Singh