| Wednesday, 14th June 2023, 1:25 pm

'വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കരയിച്ചവനെ സ്പിന്നറെ പോലെ ഇംഗ്ലണ്ട് നേരിടും'

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആഷസ് പരമ്പരക്ക് ഇനി രണ്ട് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. ഇത്തവണ ഇംഗ്ലണ്ട് വേദിയാകുന്ന ആഷസിന്റെ 73ാം എഡിഷന് ജൂണ്‍ 16ന് എഡ്ജ്ബാസ്റ്റണില്‍ തുടക്കമാകും.

ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയോടെയാണ് ഓസീസ് തങ്ങളുടെ ചിരവൈരികളുടെ മണ്ണില്‍ പുതിയ അങ്കത്തിനിറങ്ങുന്നത്. ബ്രണ്ടന്‍ മക്കെല്ലം എന്ന ഇതിഹാസ താരത്തിന്റെ കോച്ചിങ്ങിന്റെ കരുത്തില്‍ ഇംഗ്ലണ്ടുമിറങ്ങുമ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ തീ പാറുമെന്നുറപ്പാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസീസിന്റെ മാര്‍ക്വി പേസര്‍ സ്‌കോട് ബോളണ്ടാണ് കളം നിറഞ്ഞാടിയത്. രണ്ട് ഇന്നിങ്‌സിലും ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ ബോളണ്ട്, ജഡേജയെയും കോഹ്‌ലിയെയും മടക്കിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍മാരാകാന്‍ ഓസീസിന് കരുത്തായത് ബോളണ്ടിന്റെ ബൗളിങ് കരുത്ത് കൂടിയാണ്.

ആഷസിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ഏറ്റവുമധികം ഹോംവര്‍ക്ക് ചെയ്യുന്നതും ബോളണ്ടിനെ നേരിടാന്‍ തന്നെയായിരിക്കും. ബോളണ്ടിന്റെ ലൈനും ലെങ്ത്തും തങ്ങളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണെന്ന ബോധ്യവും ത്രീ ലയണ്‍സിനുണ്ടാകും.

എന്നാല്‍ സ്‌കോട് ബോളണ്ടിനെ ഒരു സ്പിന്നറെ പോലെ നേരിടാന്‍ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും സാധിക്കുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് ബോളണ്ടിനെയും അറ്റാക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇംഗ്ലണ്ട് കളിച്ച എല്ലാ ടീമിനെതിരെയും അത് (ബാസ് ബോള്‍) വിജയിച്ചിട്ടുണ്ട്,’ ഫോക്‌സ് ക്രിക്കറ്റിന്റെ ആഷസ് പ്രീ വ്യൂയില്‍ വോണ്‍ പറഞ്ഞു.

‘ഓസ്‌ട്രേലിയ വ്യത്യസ്തമാണ്. അവര്‍ക്ക് ശക്തമായ ബൗളിങ് യൂണിറ്റുണ്ട്. അവര്‍ സര്‍വശക്തിയുമെടുത്ത് ശ്രമിക്കും. സ്‌കോട് ബോളണ്ടിന്റെ ലെങ്ത്തിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അവനെ ഒരു സ്പിന്നറെ പോലെ നേരിടും. അവരത് ചെയ്യും.

ബോളണ്ട് എവിടെയാണ് പന്ത് പിച്ച് ചെയ്യിക്കാന്‍ പോവുന്നതെന്ന് അവര്‍ക്ക് കൃത്യമായി ധാരണയുണ്ടാകും. ഓണ്‍സൈഡിലേക്ക് വിപ്പ് ചെയ്യാനായിരിക്കും അവന്‍ ശ്രമിക്കുക,’ വോണ്‍ പറഞ്ഞു.

എട്ട് ടെസ്റ്റ് മത്സരത്തിലാണ് ബോളണ്ട് ഇതുവരെ ഓസീസിനായി പന്തെറിഞ്ഞത്. ഇതില്‍ നിന്നും 33 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 6/7 ആണ് താരത്തിന്റെ ബെസ്റ്റ് ഫിഗര്‍.

ജൂണ്‍ 16ന് എഡ്ജ്ബാസ്റ്റണിലേക്കിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ പതിനൊന്ന് പേര്‍ക്കൊപ്പം തന്നെ ബ്രണ്ടന്‍ മക്കെല്ലം എന്ന മാസ്റ്റര്‍ ബ്രെയ്‌നിനെ കൂടിയാണ് ഓസീസിന് നേരിടേണ്ടി വരിക. ടെസ്റ്റ് ഫോര്‍മാറ്റിന്റെ വാര്‍പ്പുമാതൃകകളെല്ലാം തച്ചുടച്ചാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ മുന്നോട്ട് നയിക്കുന്നത്.

മക്കെല്ലം ത്രീ ലയണ്‍സിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം ഇംഗ്ലണ്ട് 12 മത്സരം കളിച്ചപ്പോള്‍ പത്തിലും വിജയമായിരുന്നു ഫലം. ഇതേ ഡോമിനന്‍സ് ആഷസിലും ആവര്‍ത്തിക്കാനാണ് മക്കെല്ലവും ഇംഗ്ലണ്ടും ഒരുങ്ങുന്നത്.

പരമ്പരയിലെ മറ്റു മത്സരങ്ങളും വേദികളും

രണ്ടാം ടെസ്റ്റ് – ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ – ലോര്‍ഡ്സ്.

മൂന്നാം ടെസ്റ്റ് – ജൂലൈ ആറ് മുതല്‍ പത്ത് വരെ – യോര്‍ക്‌ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

നാലാം ടെസ്റ്റ് – ജൂലൈ 19 മുതല്‍ 23 വരെ – ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്.

അഞ്ചാം ടെസ്റ്റ് – ജൂലൈ 27 മുതല്‍ ജുലായ് 31 വരെ – ദി ഓവല്‍.

Content highlight: Michael Vaughan says England will play Scott Boland like a spinner

We use cookies to give you the best possible experience. Learn more