| Monday, 20th May 2024, 4:30 pm

ഹൈദരബാദില്‍ തീമഴ പെയ്യിച്ചവനേയും സഞ്ജുവിന്റെ വജ്രായുധത്തേയും പ്രശംസിച്ച് മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ ഹൈദരബാദിന് തകര്‍പ്പന്‍ വിജയമാണ് നേടാന്‍ സാധിച്ചത്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരശേഷം അഭിഷേക് ശര്‍മയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. വോണ്‍ ഇന്ത്യന്‍ യുവതാരവും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ താരതമ്യപ്പെടുത്തിയായിരുന്നു സംസാരിച്ചത്.

‘യശസ്വി ഒരു അത്ഭുത കഥയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന അദ്ദേഹം തുടക്കം മുതല്‍ തന്നെ അതില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. 15 വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് കളിക്കുകയാണെന്ന് തോന്നുന്നു. അഭിഷേക് വിദൂരമല്ല. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് യശസ്വി ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അധിപനാണ് ജെയ്‌സ്വാള്‍. അഭിഷേകിനും അത് ചെയ്യാന്‍ കഴിയും,’ മൈക്കല്‍ വോണ്‍ ക്രിക്ക്ബസില്‍ പറഞ്ഞു.

ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്. മാത്രമല്ല ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരം എന്ന റെക്കോഡും അഭിഷേകിനണ്. മൂന്ന് അവാര്‍ഡാണ് താരം സ്വന്തമാക്കിയത്.

Content Highlight: Michael Vaughan Praises Abhishek Sharma And Yashaswi Jaiswal

We use cookies to give you the best possible experience. Learn more