| Friday, 3rd May 2024, 2:26 pm

ലോകകപ്പിൽ ഇന്ത്യ സെമിയിൽ എത്തില്ല, ആദ്യ നാലിൽ എത്തുക ആ ടീമുകൾ; പ്രവചനവുമായി ഇംഗ്ലണ്ട് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പ് ജൂണ്‍ രണ്ട് മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങള്‍ അവരുടെ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കുകളാണ് ഇപ്പോള്‍.

ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുന്നോടിയായി ഈ ലോകകപ്പില്‍ ഏതെല്ലാം ടീമുകള്‍ സെമിഫൈനലില്‍ കളിക്കുമെന്ന് പ്രവചിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം.

ഈ വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ആയിരിക്കും സെമിഫൈനല്‍ കളിക്കുക എന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

സെമിയില്‍ ഇടം നേടുമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരു പിടി മികച്ച താരനിരയും ആയാണ് കിരീട പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങുന്നത്. റോവ്മാന്‍ പവലിന്റെ കീഴില്‍ വിന്‍ഡീസും എയ്ഡന്‍ മര്‍ക്രമിന്റെ കീഴില്‍ സൗത്ത് ആഫ്രിക്കയും മികച്ച ടീമുമായാണ് കുട്ടിക്രിക്കറ്റിന്റെ പോരാട്ട ഭൂമിയിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.

അതേസമയം ഇന്ത്യയെ ഇംഗ്ലണ്ട് ഇതിഹാസം തെരഞ്ഞെടുക്കാത്തത് ആരാധകരില്‍ വളരെയധികം ചര്‍ച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും ആയി നടക്കുന്ന ലോകകപ്പിനായി ശക്തമായ നിരയുമായാണ് ഇന്ത്യ അണിനിരക്കുന്നത്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Content Highlight: Michael Vaughan has come forward to predict which teams will play in the semi-finals of the World Cup

We use cookies to give you the best possible experience. Learn more