| Friday, 29th December 2023, 3:24 pm

ഇന്ത്യ ഒന്നും വിജയിക്കില്ല; രോഹിത് ശര്‍മയേയും സംഘത്തെയും വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് വരികയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യ ഇനി ഒന്നും ജയിക്കരുത് എന്ന് പറഞ്ഞു പരിഹസിച്ചാണ് മുന്‍ താരം ഇന്ത്യക്കെതിരെ സംസാരിച്ചത്. ആദ്യത്തെ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക വെറും മൂന്ന് ദിവസം കൊണ്ടാണ് ഇന്ത്യയെ തറ പറ്റിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയെ ലോകത്തിലെ മികച്ച ടീം എന്ന് പരിഹസിക്കുകയാണ് മൈക്കിള്‍ വോണ്‍. സമീപകാലത്ത് ഇന്ത്യ മികച്ച പ്രകടനം കാണിച്ചെങ്കിലും സൗത്ത് ആഫ്രിക്കെതിരെ ടെസ്റ്റില്‍ വീണ്ടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാന്‍ ടീമിന് മികച്ച കഴിവാണെന്നാണ് വോണ്‍ പറയുന്നത്.

‘ഇതാ നിങ്ങളോട് ഒരു ചോദ്യം, ലോകത്തെ മികച്ച ടീമുകളില്‍ ഒന്നാണോ ഇന്ത്യ? അവര്‍ക്ക് അതിനുള്ള എല്ലാ കഴിവുകളും ഉണ്ട്. അവര്‍ ഒന്നും ജയിക്കുന്നില്ല. എപ്പോഴാണ് അവര്‍ അവസാനമായി എന്തെങ്കിലും നേടിയത്.

അവര്‍ ഓസ്‌ട്രേലിയയില്‍ എല്ലാ കഴിവുകളോടുകൂടിയും രണ്ടുതവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ലോകകപ്പുകളില്‍ അവര്‍ക്ക് ഒന്നും നേടാന്‍ ആയിട്ടില്ല.
നിങ്ങള്‍ സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നു, അവിടെ നിങ്ങള്‍ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു… ഞാന്‍ ഉദ്ദേശിച്ചത് എല്ലാ കഴിവുകളും ഉള്ള ടീം, അവര്‍ അവിടെ ഒന്നും വിജയിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്,’അദ്ദേഹം പറഞ്ഞു.

രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ ടെസ്റ്റില്‍ മിന്നും ലീഡ് സ്വന്തമാക്കിയാണ് ആതിഥേയര്‍ സന്ദര്‍ശകരെ നാണം കെടുത്തിയത്. ഇന്നിങ്സിലും 32 റണ്‍സിനുമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ തലകുനിച്ചത്.
ആദ്യ ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കെക്കെതിരെ ഇന്ത്യ 245 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 408 റണ്‍സ് നേടി 163 റണ്‍സിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇറങ്ങിയ ഇന്ത്യക്ക് വെറും 131 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയെ തോല്‍വിയില്‍ എത്തിച്ചത്. പ്രോട്ടിയാസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് 2024 ജനവരി മൂന്നാം തിയ്യതിയാണ് ആരംഭിക്കുന്നത്.

Content Highlight: Michael Vaughan criticizes Rohit Sharma and his team

We use cookies to give you the best possible experience. Learn more