തരംതാഴ്ന്ന പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല: ടെയ്‌ലറിന് മറുപടിയുമായി ഫെല്‍പ്‌സ്
DSport
തരംതാഴ്ന്ന പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല: ടെയ്‌ലറിന് മറുപടിയുമായി ഫെല്‍പ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th July 2012, 11:32 am

കാലിഫോര്‍ണിയ: അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ പ്രകടനം മോശമാകുന്നെന്ന് ആരോപണവുമായി രംഗത്തെത്തിയ ടെയ്‌ലറിന്റെ ആരോപണത്തിനെതിരെ ഫെല്‍പ്‌സ് രംഗത്ത്. ആരോണം അടിസ്ഥാനരഹിതമാണെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു ആരോണവുമായി അദ്ദേഹം വന്നതെന്ന് അറിയില്ലെന്നും ഫെല്‍പ്‌സ് പ്രതികരിച്ചു.

മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചാവണം അദ്ദേഹം കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ സഹതാരങ്ങളെ വാക്കുകൊണ്ട് ആക്രമിച്ചാവരുത്

“”ലണ്ടന്‍ ഒളിംപിക്‌സിനായി മികച്ച തയാറെടുപ്പാണ് ഞാന്‍ നടത്തുന്നത്. എന്റെ മുന്നിലെ ഏകലക്ഷ്യവും ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടമാണ്. പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായതെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷേ ഒളിമ്പിക്‌സിന് ഒരുങ്ങുന്ന എന്നെ മാനസികമായി തളര്‍ത്തുക എന്ന ഒരു ലക്ഷ്യമാവാം ഇതിനു പിറകില്‍”””- ഫെല്‍പ്‌സ് പറഞ്ഞു.

അനാവശ്യമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുക എന്നത് ചിലരുടെ സ്വഭാവമാണ്. മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചാവണം അദ്ദേഹം കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ സഹതാരങ്ങളെ വാക്കുകൊണ്ട് ആക്രമിച്ചാവരുത്. ഇത്തരം തരം താഴ്ന്ന പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഒളിമ്പിക്‌സ് അടുത്തെത്തിയ ഈ സന്ദര്‍ഭത്തില്‍ അനാവശ്യവിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ഉദ്ദേശിക്കുന്നില്ല- ഫെല്‍പ്‌സ് പറഞ്ഞു.

ലണ്ടന്‍ ഒളിംപിക്‌സിന് വേണ്ടി ഫെല്‍പ്‌സ് നന്നായി പരിശീലനം നടത്തുന്നില്ലെന്നായിരുന്നു ടെയ്‌ലറുടെ ആരോപണം. ഫെല്‍പ്‌സിനേക്കാള്‍ നന്നായി താന്‍ ഇപ്പോള്‍ നീന്തുന്നുണ്ടെന്നും, ഫെല്‍പ്‌സിനെ മറികടക്കാന്‍ തനിക്ക് സാധിക്കുമെന്നും ടെയ്‌ലര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

കാലിഫോര്‍ണിയയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെയ്‌ലര്‍ മൈക്കല്‍ ഫെല്‍പ്‌സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.