| Sunday, 21st January 2018, 10:53 am

'ഒടുവില്‍ ഞാന്‍ എന്നന്നേക്കുമായി ഈ പ്രശ്‌നത്തില്‍ നിന്നും മോചിതനാകാന്‍ തീരുമാനിച്ചു'; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ചിക്കാഗോ: വിഷാദ രോഗം പിടിപെട്ടു താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നീന്തല്‍ ഇതിഹാസം മൈക്കില്‍ ഫെല്‍പ്‌സ്. 23 ഒളിമ്പിക് സ്വര്‍ണ്ണവും ആര്‍ക്കും എത്താത്ത അത്ര ഉയരത്തില്‍ നില്‍ക്കുമ്പോഴും താന്‍ സന്തുഷ്ടനായിരുന്നില്ലെന്ന് ഫെല്‍പ്‌സ് പറയുന്നു.

2012 ലെ ഒളിമ്പിക്സിനു പിന്നാലെ പിടികൂടിയ വിഷാദരോഗത്തോട് പൊരുതി നില്‍ക്കാനാവാതെ മരണത്തിന് കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നതായി താരം പറയുന്നു. ചിക്കാഗോയില്‍ സംഘടിപ്പിച്ച ഒരു മാനസികാരോഗ്യ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം ഫെല്‍പ്‌സ് നേടിയിരുന്നു. എന്നാല്‍ വിജയം താരത്തിന് ഒട്ടും സന്തോഷം നല്‍കിയില്ല. നാല് ദിവസം തന്റെ മുറിക്കുള്ളില്‍ തന്നെ ഭക്ഷണം പോലുമില്ലാതെ ഉറക്കമില്ലാതെ താന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

വിഷാദരോഗത്തിന്റെ ലക്ഷണം ആദ്യം തിരിച്ചറിയുന്നത് തന്റെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കിയതിനു പിന്നിലെയായിരുന്നുവെന്ന് ഫെല്പ്സ് പറയുന്നു. പ്രായം കൂടുംതോറും ആ വിഷാദവും വളര്‍ന്നുകൊണ്ടിരുന്നു. അതു പിന്നെ ലഹരിയിലേക്കും മദ്യത്തിലേക്കും നീന്തല്‍ ഇതിഹാസത്തെ എത്തിക്കുകയായിരുന്നു. 2008 ലെ ബീജിംഗ് ഒളിമ്പിക്സിനിടെ ഫെല്‍പ്സിനെ മദ്യപിച്ച് വണ്ടിയോടിച്ച് പൊലീസ് പിടികൂടിയതും താരത്തിന്റെ പുകവലിച്ചു കൊണ്ടിരിക്കുന്ന ചിത്രവുമ്ലെലാം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

“ഒടുവില്‍ ഞാന്‍ എന്നന്നേക്കുമായി ഈ പ്രശ്നത്തില്‍ നിന്നും മോചിതനാകാന്‍ തീരുമാനിച്ചു. വിഷാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയം.” താരം പറയുന്നു.

2016 ലെ റിയോ ഒളിമ്പിക്സോടെയാണ് ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍(28) സ്വന്തമാക്കിയ താരം എന്ന ഖ്യാതിയുമായി മൈക്കില്‍ ഫെല്‍പ്സ് കായികജീവിതത്തില്‍ നിന്നും വിരമിക്കുന്നത്.

We use cookies to give you the best possible experience. Learn more