'ഉയരങ്ങളില്‍ എത്തേണ്ടവന്‍' അവന്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങിപ്പോയി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഇതിഹാസം
Football
'ഉയരങ്ങളില്‍ എത്തേണ്ടവന്‍' അവന്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങിപ്പോയി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 4:42 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പോര്‍ച്ചുഗീസ് താരമായ നാനിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം മൈക്കല്‍ ഓവന്‍.

നാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലിലാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് മൈക്കല്‍ ഓവന്‍ പറഞ്ഞത്.

‘ഫുട്‌ബോളില്‍ മികച്ച കഴിവുള്ള താരങ്ങള്‍ ഉണ്ട്. എന്നാല്‍ പിന്നീട്  അവരുടെ കഴിവുകളില്‍ മികച്ച രീതിയില്‍ എഎത്താൻ സാധിക്കാത്ത താരങ്ങളും ഉണ്ട്. ഭാവിയില്‍ മികച്ച താരങ്ങളാവും എന്ന് കരുതിയ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് തങ്ങളുടെ കരിയറില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നാനി അങ്ങനെ ഒരാളാണ്. അവന്‍ റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങിപോവുകയും അതിലൂടെ അവന്റെ കഴിവുകള്‍ കൃത്യമായി പുറത്തെടുക്കാന്‍ സാധിക്കാതെയും ആയി.,’ ഓവന്‍ ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇടയ്ക്കിടെ വന്ന പരിക്കുകള്‍ നാനിയുടെ കളിക്കളത്തിലെ പ്രകടനങ്ങളിലെ സ്ഥിരത കുറയ്ക്കാന്‍ കാരണമായെന്നും ഓവന്‍ പറഞ്ഞു.

‘നാനി ഓരോ ആഴ്ചകളിലെ മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടാറുണ്ട്. എന്നാല്‍ കളിക്കളത്തില്‍ ചെറിയ പരിക്കുകള്‍ നേരിടും ഇത് അവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമാവും. പിന്നീട് അവന്‍ കുറച്ചു മാസങ്ങളില്‍ കളിക്കളത്തില്‍ നിന്നും പുറത്തിരിക്കേണ്ടിവരും,’ ഓവന്‍ കൂട്ടിച്ചേര്‍ത്തു.

നാനി 2007ലാണ് സ്‌പോര്‍ട്ടിങ് സി.പിയില്‍ നിന്നും ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. എട്ടു വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പന്ത് തട്ടിയ പോര്‍ച്ചുഗീസ് താരം 230 മത്സരങ്ങളില്‍ നിന്നും 41 ഗോളുകളും 71 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

അതേസമയം 2009 ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. ആ സീസണിലാണ് ഇംഗ്ലണ്ട് ഇതിഹാസതാരം മൈക്കല്‍ ഓവന്‍ റെഡ് ഡെവിള്‍സില്‍ ചേരുന്നത്. ഓവനും നാനിയും 25 തവണയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് നാല് ഗോളുകളും നേടി.

അതേസമയം നാനി നിലവില്‍ ടര്‍ക്കിഷ് ക്ലബ്ബായ അദാന ഡെമിര്‍സ്‌പോറിന് വേണ്ടിയാണ് കളിക്കുന്നത്.

Content Highlight: Michael Owen Talks about Nani.