| Tuesday, 17th September 2024, 8:04 am

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സി ധരിച്ചപ്പോഴുള്ള അനുഭവം അതായിരുന്നു: മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏഴാം ജേഴ്‌സി നമ്പര്‍ ധരിച്ച് കളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ഓവന്‍.

റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ താന്‍ വളരെ ബഹുമാനത്തോടെയാണ് കൈകാര്യം ചെയ്തതെന്നും റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ ധരിച്ചു കളിക്കുമ്പോള്‍ തനിക്ക് സമ്മര്‍ദം അനുഭവപ്പെട്ടിട്ടില്ലെന്നുമാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ജെന്റിങ് കാസിനോയിലൂടെ സംസാരിക്കുകയായിരുന്നു ഓവന്‍.

‘ഞാന്‍ എന്റെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍ ആയതിനാല്‍ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ ധരിച്ചപ്പോള്‍ എനിക്ക് ഒരു സമ്മര്‍ദവും തോന്നിയില്ല. ഇത് തന്നെയാണ് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്നോട് പറഞ്ഞത്. വലിയ ടീമുകള്‍ക്കെതിരെ ഞങ്ങള്‍ സമ്മര്‍ദങ്ങള്‍ ഇല്ലാതെ കളിച്ചു. ഞങ്ങള്‍ വലിയ ട്രോഫികള്‍ നേടി. ഞാന്‍ യാതൊരു വിധത്തിലും എ ജേഴ്‌സി നമ്പറിനോട് അനാദരവ് കാണിച്ചിട്ടില്ല,’ മൈക്കല്‍ ഓവന്‍ പറഞ്ഞു.

റൊണാള്‍ഡോ 2009ല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് പോയതിന് പിന്നാലെയാണ് ഏഴാം നമ്പര്‍ ജേഴ്‌സി മുന്‍ ഇംഗ്ലണ്ട് താരത്തിന് കൈമാറിയത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനൊപ്പം രണ്ട് സീസണുകളില്‍ പരിക്ക് കാരണം ഓവന് കളിക്കാന്‍ സാധിച്ചിരുന്നില്ല. റെഡ് ഡെവിള്‍സിനൊപ്പം 80ല്‍ കൂടുതല്‍ മത്സരങ്ങളാണ് ഓവന് നഷ്ടമായത്.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 52 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഓവന്‍ 17 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ഓരോ വീതം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇ.എഫ്.എല്‍ കപ്പ്, എഫ്.എ കപ്പ് എന്നീ കിരീടങ്ങളാണ് ഓവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം നേടിയത്.

അതേസമയം മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി രണ്ട് കാലഘട്ടത്തിലാണ് റൊണാള്‍ഡോ പന്തുതട്ടിയത്. റെഡ് ഡെവിള്‍സിനായി 145 ഗോളുകളാണ് പോര്‍ച്ചുഗീസ് ഇതിഹാസം അടിച്ചികൂട്ടിയത്. റെഡ് ഡെവിള്‍സിന് പുറമെ റയല്‍, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ബൂട്ട് കെട്ടി. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.

അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.

Content Highlight: Michael Owen on his experience wearing Cristiano Ronaldo’s number 7 Jersey at Manchester United

We use cookies to give you the best possible experience. Learn more