| Friday, 27th October 2023, 1:07 pm

അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടിയില്ലെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടും: മുന്‍ ഇംഗ്ലണ്ട് താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ ആരുനേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന ഘട്ട പട്ടികയില്‍ 30 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ഓവന്‍. എര്‍ലിങ്ങിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇക്കഴിഞ്ഞത് എന്നും എന്നാല്‍ ലോകകപ്പിലെ പ്രകടന മികവില്‍ മെസി ബാലണ്‍ ഡി ഓര്‍ നേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എ.എസ്. യു.എസ്.എക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘രണ്ട് താരങ്ങളും ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹരാണ്. ചില സീസണില്‍ ചിലപ്പോള്‍ മികച്ച പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വരാം. പക്ഷെ ഇത്തവണ അങ്ങനെയല്ല. മറ്റൊന്നും ആലോചിക്കാതെ നമുക്ക് പറയാന്‍ സാധിക്കും രണ്ട് പ്രഗത്ഭരായ താരങ്ങള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച സീസണായിരുന്നു അതെന്ന്. 53 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകളും ഒരു ട്രെബിളുമാണ് എര്‍ലിങ് ഹാലണ്ട് നേടിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വളരെ മികച്ച വര്‍ഷമായിരുന്നു ഇതെന്ന് പറയാന്‍ സാധിക്കും.

പക്ഷേ ബാലണ്‍ ഡി ഓര്‍ ഹാലണ്ടിന് ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം, മെസി തന്റെ സ്വപ്‌ന സാക്ഷാത്കാരം നടത്തിയിരുന്ന വര്‍ഷമയിരുന്നു അത്. അദ്ദേഹം ലോകകിരീടം നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമായി മാറി. അതുകൊണ്ട് മെസി ബാലണ്‍ ഡി ഓര്‍ നേടിയില്ലെങ്കില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെടും,’ ഓവന്‍ പറഞ്ഞു.

അതേസമയം, ബാലണ്‍ ഡി ഓര്‍ നേടുന്നതില്‍ അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്.

പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Michael Owen namedrops Lionel Messi and Erling Haaland as he names his favorite for the Ballon d’Or

We use cookies to give you the best possible experience. Learn more