| Wednesday, 24th January 2024, 10:09 pm

ഇങ്ങനെ റാഞ്ചാന്‍ പരുന്തിനെക്കൊണ്ട് പോലും പറ്റില്ല; ഇതിന്റെ വില ഹീറ്റിന്റെ കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിന്റെ ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ പരാജയപ്പെടുത്തി ബ്രിസ്‌ബെയ്ന്‍ ഹീറ്റ് ചരിത്രത്തിലെ രണ്ടാമത് കിരീടം സ്വന്തമാക്കിയിരുന്നു. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 54 റണ്‍സിനാണ് ഹീറ്റ് സിക്‌സേഴ്‌സിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹീറ്റ് ജോഷ് ബ്രൗണിന്റെ അര്‍ധ സെഞ്ച്വറിയുടെയും മാറ്റ് റെന്‍ഷോ, ക്യാപ്റ്റന്‍ നതാന്‍ മക്‌സ്വീനി എന്നിവരുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സ് 17.3 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി.

മത്സരത്തില്‍ സിക്‌സേഴ്‌സ് സൂപ്പര്‍ താരം ഷോണ്‍ അബോട്ടിനെ പുറത്താക്കാന്‍ മൈക്കല്‍ നെസറും പോള്‍ വാള്‍ട്ടറും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ ഒരു കമ്പൈന്‍ഡ് ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സിഡ്‌നിയില്‍ പിറന്നത്.

18ാം ഓവറിലെ രണ്ടാം പന്തിലാണ് അബോട്ട് പുറത്താകുന്നത്. സേവ്യര്‍ ബാര്‍ട്‌ലെറ്റെറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കിയ അബോട്ട് രണ്ടാം പന്തും സിക്‌സര്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടു.

പന്ത് സിക്‌സറായെന്ന് അബോട്ട് ഉറപ്പിച്ചെങ്കിലും ആ പന്തിനെ അങ്ങനെ സിക്‌സറിന് വിട്ടുകൊടുക്കാന്‍ മൈക്കല്‍ നെസര്‍ തയ്യാറായിരുന്നില്ല. പന്തിന് നേരെ ഓടിയെത്തിയ നെസര്‍ അത് കൈപ്പിടിയിലൊതുക്കിയെങ്കിലും നില തെറ്റി ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് വീഴാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ സഹതാരം പോള്‍ വാള്‍ട്ടര്‍ തൊട്ടടുത്തുണ്ടെന്ന് മനസിലാക്കിയ നെസര്‍ പന്ത് വാള്‍ട്ടറിന് നല്‍കുകയും താരം ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയുമായിരുന്നു.

അംപയര്‍മാര്‍ ക്യാച്ച് പരിശോധിക്കുകയും അബോട്ട് പുറത്തായതായി പ്രഖ്യാപിക്കുകയുമായിരുന്നു.

തൊട്ടടുത്ത പന്തില്‍ തന്റെ കരിയറിലെ അവസാന പ്രൊഫഷണല്‍ മത്സരം കളിക്കാനെത്തിയ സ്റ്റീവ് ഒക്കീഫിയെയും പോള്‍ വാല്‍ട്ടറിന്റെ കൈകളിലെത്തിച്ച് ഹീറ്റിനെ കിരീടം ചൂടിച്ചു.

കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടമാണ് ഹീറ്റ് ഇത്തവണ തലയിലണിഞ്ഞത്. കഴിഞ്ഞ വര്‍ഷം പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഹീറ്റ് പരാജയപ്പെട്ടത്.

ഇതിന് മുമ്പ് ബി.ബി.എല്ലിന്റെ രണ്ടാം എഡിഷനായ 2012-13ലാണ് ഹീറ്റ് കീരീടം നേടിയത്. അന്ന് സ്‌ക്രോച്ചേഴ്‌സിനെ 34 റണ്‍സിനാണ് ഹീറ്റ് പരാജയപ്പെടുത്തിയത്.

Content Highlight: Michael Neser’s brilliant catch in BBL final

We use cookies to give you the best possible experience. Learn more