2024 നേപ്പാള്‍ ട്രൈ നേഷന്‍ സീരിസില്‍ നമീബിയയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് പരമ്പരയില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് ഡച്ച് പട വിജയം സ്വന്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയം പിന്തുടര്‍ന്നിറങ്ങിയ നമീബിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
യുവതാരം മൈക്കല്‍ ലെവിറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് നെതര്‍ലന്‍ഡ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയതും വിജയം സ്വന്തമാക്കിയതും. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ലെവിറ്റിനെ തന്നെയായിരുന്നു.
നമീബിയക്കെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഡച്ച് ഓപ്പണറെ തേടിയെത്തിയിരുന്നു. ഏകദിന സ്റ്റാറ്റസുള്ള ടീമിനെതിരെ ടി-20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ലെവിറ്റ് സ്വന്തമാക്കിയത്. 20ാം വയസിലാണ് ലെവിറ്റിന്റെ സെഞ്ച്വറി നേട്ടം പിറന്നത്.
അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (ഏകദിന പദവിയുള്ള ടീമിനെതിരെ)
താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍.
മൈക്കല്‍ ലെവിറ്റ് – നെതര്‍ലന്‍ഡ്‌സ് – നമീബിയ – 20 വയസും 255 ദിവസവും – 2024
ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 20 വയസും 337 ദിവസവും – 2019
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – നേപ്പാള്‍ – 21 വയസും 279 ദിവസവും – 2023
റഹ്മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – യു.എ.ഇ – 22 വയസും 31 ദിവസവും – 2023
അഹമ്മദ് ഷഹസാദ് – പാകിസ്ഥാന്‍ – ബംഗ്ലാദേശ് – 22 വയസും 179 ദിവസവും – 2014
ഇതിന് പുറമെ നെതര്‍ലന്‍ഡ്‌സിന്റെ ടി-20 ചരിത്രത്തിലെ പല നേട്ടങ്ങളും മത്സരത്തില്‍ കുറിക്കപ്പെട്ടിരുന്നു.
ടി-20 ഫോര്‍മാറ്റില്‍ ഒരു ഡച്ച് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. 62 പന്തില്‍ ലെവിറ്റ് നേടിയ 135 റണ്‍സാണ് ഒന്നാം നമ്പറിലേക്കുയര്‍ന്നത്.
ടി-20യില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ (247) എന്ന നേട്ടമാണ് രണ്ടാമത്തേത്.
ടി-20യില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോഡും ടി.യു ക്രിക്കറ്റ് ഗ്രൗണ്ടില്‍ പിറവിയെടുത്തു. സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിനൊപ്പം ലെവിറ്റ് നേടിയ 192 റണ്‍സാണ് റെക്കോഡ് പട്ടികയില്‍ ഒന്നാമതെത്തിയത്. 40 പന്തില്‍ 75 റണ്‍സാണ് എന്‍ഗല്‍ബ്രക്ടിന്റെ സംഭാവന.
Content highlight: Michael Levitt becomes the youngest batter to score T20I centaury against a team with ODI status