മൈക്കിള്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം തന്നെ വന്നിരുന്നു. ഈയിടെ അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരുന്നു.
‘മൈക്കിള്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഏപ്രില്‍ 18ന് ആഗോളതലത്തില്‍ റിലീസിനെത്തും. പോപ് ഗായകന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയിലെ ആദ്യത്തെ ഒരു ഫോട്ടോ പുറത്തിറങ്ങിയിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ സാക്ഷാൽ മൈക്കിൾ ജാക്സൻ തന്നെയാണെന്നേ കാണുന്നവർക്ക് തോന്നുകയുള്ളൂ. വേദിയിൽ നിന്ന് പാട്ട് പാടുന്ന ജാക്സന്റെ ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ജോണ്‍ ബ്രാങ്കയും ജോണ്‍ മക്ലെയ്നും ചേര്‍ന്നാണ് ‘മൈക്കിള്‍’ നിര്‍മിക്കുന്നത്. ‘ഗ്ലാഡിയേറ്ററും’, ‘ദി ഏവിയേറ്ററും’ എഴുതിയ ജോണ്‍ ലോഗനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ലയണ്‍സ്‌ഗേറ്റ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പോപ്പിന്റെ രാജാവായി മാറിയ മൈക്കിള്‍ ജാക്സന്റെ ജീവിതത്തിലെ വിജയങ്ങളും ദുരന്തങ്ങളുമാകും ചിത്രത്തിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജാക്സനെ ഒരു പോപ് ഇതിഹാസമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളും സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ അന്റോയിന്‍ ഫുക്വാ നേരത്തെതന്നെ പറഞ്ഞിരുന്നു.
ദി ഈക്വലൈസര്‍, ട്രെയിനിങ് ഡേ, ദി മാഗ്നിഫിഷെന്റ് സെവന്‍, എമാന്‍സിപ്പേഷന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് അന്റോയിന്‍ ഫുക്വാ.
Content Highlight: Michael Jackson’s Biopic Firstlook