സഹോദരങ്ങള്‍ക്കൊപ്പം സംഗീതത്തില്‍ തരംഗം തീര്‍ത്ത് പിന്നീട് പോപ്പ് രാജാവായി മാറിയ മൈക്കിളിനെ ഇന്നും ലോകം മറന്നിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ‘കിങ് ഓഫ് പോപ്പ്’ ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി ‘മൈക്കിള്‍ ജാക്‌സണ്‍’ എന്നത് തന്നെയാണ്.
ഈ ആഴ്ചയിലുള്ള ബില്‍ബോര്‍ഡ് ചാര്‍ട്ടിലേക്ക് മൈക്കിള്‍ ജാക്‌സണ്‍ തിരിച്ചെത്തിയതായാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. 1983ല്‍ ഇറങ്ങിയ മൈക്കിള്‍ ജാക്‌സന്റെ ‘ത്രില്ലര്‍’ എന്ന സോങ്ങാണ് ചാര്‍ട്ടില്‍ ഇടംനേടിയത്. എല്ലാ വര്‍ഷവും ഹാലോവീന്‍ ആഴ്ചയില്‍ (halloween week) മൈക്കിള്‍ ജാക്‌സണിന്റെ ‘ത്രില്ലര്‍’ ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ വരാറുണ്ട്.
ചാര്‍ട്ട് ഡാറ്റ എക്‌സിലൂടെ ഷെയര്‍ ചെയ്ത് കൊണ്ട് ബില്‍ബോര്‍ഡ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. ‘മൈക്കിള്‍ ജാക്‌സന്റെ ‘ത്രില്ലര്‍’ ഈ ആഴ്ചത്തെ ബില്‍ബോര്‍ഡ് 200ല്‍ ആദ്യ നൂറിലേക്ക് തിരിച്ചെത്തി’ എന്ന ക്യാപ്ഷനിലാണ് അവര്‍ ഷെയര്‍ ചെയ്തത്.
‘ത്രില്ലര്‍’ എന്ന സോങ് അദ്ദേഹത്തിന്റെ ആറാമത്തെ സ്റ്റുഡിയോ ആല്‍ബമായ ‘ത്രില്ലറിലെ’ സിംഗിള്‍ ട്രാക്കാണ്. ലോകമെമ്പാടും 70 മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞതായി കണക്കാക്കപ്പെടുന്ന മൈക്കിള്‍ ജാക്‌സന്റെ ‘ത്രില്ലര്‍’ ആല്‍ബം എക്കാലത്തെയും മികച്ച വില്‍പ്പനയുള്ള ആല്‍ബമാണ്.
‘ത്രില്ലര്‍’ പുറത്തിറങ്ങി, അതിവേഗത്തിലായിരുന്നു അത് ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആല്‍ബമായി മാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 മില്യണ്‍ കോപ്പികളാണ് വിറ്റത്. ബില്‍ബോര്‍ഡ് 200ന്റെ പട്ടികയുടെ ടോപ്പില്‍ 37 ആഴ്ചകള്‍ തുടര്‍ന്ന ആദ്യ ആല്‍ബമായും അത് മാറിയിരുന്നു. 1984ല്‍, രണ്ട് വര്‍ഷം കൊണ്ട് യു.എസില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആദ്യ ആല്‍ബത്തിന്റെ റെക്കോഡും ‘ത്രില്ലറി’ന് ഉണ്ടായിരുന്നു.
ബില്‍ബോര്‍ഡ് ചാര്‍ട്ടിലേക്കുള്ള ‘ത്രില്ലര്‍’ സോങിന്റെ തിരിച്ചുവരവ് വെളിപ്പെടുത്തുന്നത് പോപ്പ് രാജാവിന്റെ പാട്ടുകള്‍ക്ക് ഇന്നും സ്വീകാര്യത നഷ്ടപ്പെട്ടിട്ടില്ല എന്നതാണ്. ഓരോ ആഴ്ചയിലും യു.എസിലും മറ്റിടങ്ങളിലും പാട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും കിട്ടുന്ന പോപ്പുലാരിറ്റി കണക്കാക്കിയാണ് അവ ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ വരുന്നത്.
സെയിലിന്റെയും സ്ട്രീമുകളുടെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. ഹാലോവീന്‍ അടുത്തത് കൊണ്ട് യു.എസില്‍ ഇനിമുതല്‍ ‘ത്രില്ലര്‍’ സോങ് കേള്‍ക്കുന്നവരുടെ എണ്ണം ഉയരുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഈ സോങ് ഇനിയും ഉയര്‍ന്നേക്കാം.
Content Highlight: Michael Jackson Magic Again; Song Thriller Returns To Billboard Chart