ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദ് ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിനിടെ ഐ.പി.എല്ലില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ക്യാപ്റ്റന്‍ ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസി നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സിനിടെയുള്ള ബ്രോഡ്കാസ്റ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം.
‘സത്യം പറഞ്ഞാല്‍ ചെന്നൈ ഈ വര്‍ഷം പേടിക്കേണ്ട ഒരു ക്യാപ്റ്റനും ഇല്ല. ഫൈനലില്‍ ഞങ്ങളെ തോല്‍പ്പിച്ച ഒരേ ഒരു ക്യാപ്റ്റന്‍ മാത്രമേയുള്ളൂ അവന്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ അല്ല. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ,’ മൈക്കല്‍ ഹസി പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നത് രോഹിത് ശര്‍മയുടെ കീഴില്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തില്ല.
2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.
ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.
എന്നാല്‍ ഈ മിന്നും പ്രകടനം ഈ സീസണില്‍ മുംബൈക്കൊപ്പം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിരുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് റണ്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 31 റണ്‍സിനും രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റുകള്‍ക്കും ആണ് മുംബൈ പരാജയപ്പെട്ടത്.
അതേസമയം ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Michael Hussey talks about Rohit Sharma