രണ്ടാം ടെസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി ചേതേശ്വര്‍ പൂജാരയെ ടീമിലെടുക്കണമെന്ന് മുന്‍ വിന്‍ഡീസ് താരവും കമന്റേറ്ററുമായ മൈക്കല്‍ ഹോള്‍ഡിങ്. ഇന്ത്യന്‍ ടീമിലെ “ഗോള്‍ഡന്‍ ബോയ്” ആയാണ് പാണ്ഡ്യയെ കാണുന്നത്, അയാള്‍ അടുത്ത കപില്‍ദേവ് ആവുമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ അതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞു.
ടെസ്റ്റ് റാങ്കിങ്ങില്‍ ആറാമതുള്ള പൂജാരയെ ഒഴിവാക്കിയാണ് ധവാനെയും കെ.എല്‍ രാഹുലിനെയും ഉള്‍പ്പെടുത്തിയത്. നല്ല കളിക്കാരനായ പൂജാരയെ എന്തിനാണ് പുറത്തു നിര്‍ത്തുന്നതെന്ന് മനസില്ലാവുന്നില്ലെന്നും ഹോള്‍ഡിങ് പറഞ്ഞു.
ഒരു ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തുന്നത് കൊണ്ട് എന്താണ് കുഴപ്പം ? പാണ്ഡ്യ രണ്ടാം ഇന്നിംഗ്സില്‍ കുറച്ച് റണ്‍സെടുത്തിട്ടുണ്ട്. എന്നാല്‍ പൂജാരയെക്കാള്‍ വലിയ ബാറ്റ്സ്മാനാണോ അയാള്‍ ? എനിക്ക് അങ്ങനെ തോന്നുന്നില്ല, ഒരു ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് വേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും ഹോള്‍ഡിങ് പറഞ്ഞു.
എഡ്ജ്ബാസ്റ്റണിലെ തോല്‍വിയ്ക്ക് പിന്നാലെ പൂജാരയെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു. ആഗസ്റ്റ് 9ന് ലോര്‍ഡ്സിലാണ് രണ്ടാം ടെസ്റ്റ്.