| Friday, 8th December 2023, 10:06 am

ഭാവിയില്‍ മെസി റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ സൗദിയിലേക്ക് എത്തും; പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്‍ നൈജീരിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഭാവിയില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരുമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്‌പോര്‍ട്‌സ് ഡയറക്ടറും നൈജീരിയന്‍ മുന്‍ താരവുമായ മൈക്കല്‍ എമെനാലോ.

ഭാവിയില്‍ ഇന്റര്‍ മയാമി വിട്ട് മെസി സൗദി പ്രോ ലീഗില്‍ ചേരുമെന്നാണ് മൈക്കല്‍ എമെലാനോ പറഞ്ഞത്.

‘ലയണല്‍ മെസി എം.എല്‍.എസില്‍ എത്തിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഉത്തരമില്ലാത്ത ഒന്നാണ്. അടുത്ത സീസണില്‍ സൗദി ലീഗില്‍ കളിക്കാന്‍ മെസി ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും. മെസിയെ പോലൊരു മികച്ച താരത്തെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. എന്നാല്‍ അവന്‍ എം.എല്‍.എസ്സില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്,’ എമെലാനോയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായ അല്‍ നസറില്‍ എത്തിയതിന് പിന്നാലെയാണ് സൗദി പ്രോ ലീഗിന് പുതിയ ഒരു മേല്‍വിലാസം ലഭിച്ചത്. റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ വമ്പന്‍ താരനിരകളെല്ലാം സൗദിയിലേക്ക് ചേക്കേറിയിരുന്നു. സാദിയോ മാനെ, നെയ്മര്‍, കരിം ബെന്‍സിമ തുടങ്ങി വമ്പന്‍താരനിര സൗദിയിലേക്ക് കൂടുമാറിയിരുന്നു.

അതേസമയം ലയണല്‍ മെസി കഴിഞ്ഞ സീസണിലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. മെസിക്ക് പിന്നാലെ ബാഴ്സലോണ താരങ്ങളായ ജോഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വാറ്റ്‌സ് എന്നീ താരങ്ങളും എം.എല്‍.എസിലേക്ക് പോയിരുന്നു. ബാഴ്സലോണയിലെ തന്റെ സഹതാരമായ ലൂയിസ് സുവാരസ് ഇന്റര്‍ മയാമിയില്‍ എത്തും എന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്.

ഭാവിയില്‍ വീണ്ടും റൊണാള്‍ഡോയും മെസിയും ഒരേ ലീഗില്‍ കളിക്കുന്നത് കാണാന്‍ സാധിക്കുമോ എന്ന ആകാംഷയിലാണ് ഫുട്‌ബോള്‍ ലോകം.

Content Highlight: Michael Emenalo talks Lionel messi will came Saudi pro league in future.

We use cookies to give you the best possible experience. Learn more