സൗഹൃദ മത്സരത്തില്‍ അല്‍ ഹിലാലിന് തകര്‍പ്പന്‍ ജയം. ഇന്റര്‍ മയാമിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ അല്‍ ഹിലാലിന്റെ ബ്രസീലിയന്‍ താരം മൈക്കല്‍ ഡെല്‍ഗാഡോയുടെ ഗോള്‍ സെലിബ്രേഷന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘സൂയ്’ സെലിബ്രേഷന്‍ അനുകരിക്കുകയായിരുന്നു ബ്രസീലിയന്‍ താരം.
മത്സരത്തിന്റെ 44ാം മിനിട്ടില്‍ ആയിരുന്നു താരം ഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെയായിരുന്നു മൈക്കല്‍ റൊണാള്‍ഡോയുടെ ഐകോണിക് സെലിബ്രേഷന്‍ നടത്തിയത്.
അതേസമയം കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് സൗദി വമ്പന്‍മാര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 5-3-2 എന്ന ഫോര്‍മേഷനിലുമായിരുന്നു ഇന്റര്‍ മയാമി അണിനിരന്നത്.
മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ അലക്സാണ്ടര്‍ മിട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ ലീഡ് നേടി. 13ാം മിനിട്ടില്‍ അബ്ദുള്ള അല്‍ ഹംദാന്‍ അല്‍ ഹിലാലിനായി രണ്ടാം ഗോള്‍ നേടി.
എന്നാല്‍ 34ാം മിനിട്ടില്‍ സൂപ്പര്‍താരം ലൂയി സുവാരസിലൂടെ ഇന്റര്‍ മയാമി മറുപടി ഗോള്‍ നേടി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 44ാം മിനിട്ടില്‍ മൈക്കലിലൂടെ അല്‍ ഹിലാല്‍ മൂന്നാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ അല്‍ ഹിലാല്‍ 3-1ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലയണല്‍ മെസി മയാമിയുടെ രണ്ടാം ഗോള്‍ നേടി. തൊട്ടടുത്ത നിമിഷം ഡേവിഡ് റൂയിസിലൂടെ ഇന്റര്‍ മയാമി മൂന്നാം ഗോളും നേടിയതോടെ മത്സരം 3-3 എന്ന നിലയില്‍ ആയി.
ഒടുവില്‍ 88ാം മിനിട്ടില്‍ മാല്‍ക്കോമിലൂടെ അല്‍ ഹിലാല്‍ വിജയഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ മുഴങ്ങിയപ്പോള്‍ 4-3ന്റെ തകര്‍പ്പന്‍ വിജയം അല്‍ ഹിലാല്‍ സ്വന്തമാക്കുകയായിരുന്നു.
ഫെബ്രുവരി ഒന്നിന് സൗദി വമ്പന്‍മാരായ അല്‍ നസറിനെതിരെയാണ് മെസിയുടെയും കൂട്ടരുടെയും അടുത്ത മത്സരം. അതേസമയം ഫെബ്രുവരി എട്ടിന് അല്‍ നസര്‍ തന്നെയാണ് അല്‍ ഹിലാലിന്റെയും എതിരാളികള്‍.
Content Highlight: Michael Delgado imitate Cristaino Ronaldo goal celebration against Inter Miami.