Sports News
സച്ചിനല്ല വിരാട് കോഹ്‌ലി, അവന്റെ ശൈലി വേറെയാണ്: തുറന്ന് പറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 09, 09:32 am
Thursday, 9th January 2025, 3:02 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ പല സീനിയര്‍ താരങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് ഏറെ പഴി കേള്‍ക്കേണ്ടി വന്നത്. മോശം ഫോമും ക്യാപ്റ്റന്‍സിയും രോഹിത്തിനെ ചതിച്ചപ്പോള്‍ വിരാട് കോഹ്‌ലിക്ക് പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ വിരാടിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തില്‍ പല തവണയും വിരാട് പുറത്തായത് ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്. ഇതോടെ പല മുന്‍ താരങ്ങളും സച്ചിനെ മുന്‍ നിര്‍ത്തി വിരാടിനെ വിമര്‍ശിച്ചിരുന്നു. സച്ചിന്‍ ഓസ്‌ട്രേലിയയില്‍ ഒരു കവര്‍ട്രൈവ് ചെയ്യാതെ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ടെന്നും അദ്ദേഹം ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്തുകള്‍ ഒഴിവാക്കിയെന്നുമാണ് പലരും പറഞ്ഞത്.

ഇപ്പോള്‍ വിരാടിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. സച്ചിന്‍ ഒരു വ്യത്യസ്ത കളിക്കാരനാണെന്നും എന്നാല്‍ വിരാട് അങ്ങനെയല്ല അവന് മറ്റൊരു കളി ശൈലിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘സച്ചിന്‍ ഒരു വ്യത്യസ്ത കളിക്കാരനായിരുന്നു. അവന്‍ കവര്‍ ഡ്രൈവ് കളിച്ചിട്ടില്ലെന്നും എസ്.സി.ജിയില്‍ ഡബിള്‍ സെഞ്ച്വറി നേടിയെന്നും എനിക്കറിയാം, പക്ഷേ വിരാട് കോഹ്‌ലി സച്ചിനല്ല. വിരാടിന്റെ ഏറ്റവും വലിയശക്തി ബാറ്റ് പന്തില്‍ എത്തിക്കുന്നതാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു കളിശൈലിയുണ്ട്,’ ക്ലാര്‍ക്ക് പറഞ്ഞു.

സിഡ്‌നിയില്‍ നടന്ന അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്സില്‍ ആറ് റണ്‍സിന് മടങ്ങിയത് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സൈഡ് പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

 

Content Highlight: Michael Clarke Talking About Virat Kohli