| Saturday, 21st December 2024, 9:07 am

അവനെ ഒഴിവാക്കരുതായിരുന്നു, സെലക്ടര്‍മാര്‍ക്ക് തെറ്റിപ്പോയെന്ന് തോന്നുന്നു: ഓസ്‌ട്രേലിയയുടെ ടീം സെലക്ഷനെതിരെ മൈക്കല്‍ ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസിനെയും പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിന് പകരം ജൈ റിച്ചാര്‍ഡ്‌സണിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മക്‌സ്വീനിയെ പുറത്തിരുത്തിയതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മക്‌സ്വീനിയെ ഒഴിവാക്കിയതിനോട് തനിക്ക് യോജിപ്പില്ലെന്നും സെലക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതായി കരുതുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഓപ്പണിങ് പൊസിഷനില്‍ മക്‌സ്വീനിയെ തെരഞ്ഞെടുത്തത് ആരാണെന്ന് തനിക്കറിയില്ലെന്നും ആരായിരുന്നാലും അവര്‍ക്ക് ആ സീരീസ് മുഴുവന്‍ അവസരം നല്‍കണമായിരുന്നെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ഉസ്മാന്‍ ഖവാജയെപ്പോലെ 38 വയസുള്ള ഒരാള്‍ റണ്‍സൊന്നും നേടിയില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

സീരീസിന് മുമ്പ് പ്രഷറിലൂടെ കടന്നുപോയ ലാബുഷാനെ മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയെന്നും സ്മിത്ത് തിരിച്ചുവന്നെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. മക്‌സ്വീനിയൊഴികെ മറ്റ് ബാറ്റര്‍മാരുടെ പ്രായം 30ന് മുകളിലാണെന്നും ഖവാജയെപ്പോലുള്ള ബാറ്റര്‍മാര്‍ ഇനിവരുന്ന ടെസ്റ്റുകള്‍ക്കിടയില്‍ വിരമിച്ചാല്‍ എന്തുചെയ്യുമെന്നും ക്ലാര്‍ക്ക് ചോദിക്കുന്നു. ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.

‘നഥാന്‍ മക്‌സ്വീനയെ അവര്‍ ഒഴിവാക്കിയിരിക്കുന്നു. എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. സെലക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. ഓപ്പണിങ് പൊസിഷനില്‍ അവന് ആരാണ് അവസരം നല്‍കിയതെന്ന് എനിക്കറിയില്ല. ആരായിരുന്നാലും അവന് സീരീസ് മുഴുവന്‍ അവസരം നല്‍കണമായിരുന്നു.

ഉസ്മാന്‍ ഖവാജയെപ്പോലെ 38 വയസുള്ള ഒരു ബാറ്റര്‍ റണ്‍സൊന്നും നേടാത്തത് ആരും കണ്ടില്ലെന്ന് തോന്നുന്നു. സീരീസിന് മുമ്പ് പ്രഷറിലൂടെ കടന്നുപോയ ലാബുഷാനെ റണ്‍സ് കണ്ടെത്തുന്നതില്‍ വിജയിച്ചു. സെഞ്ച്വറി നേടി സ്മിത്ത് തിരിച്ചുവന്നെങ്കിലും അയാളും പ്രഷറിലാണ്. മക്‌സ്വീനിയൊഴികെ മറ്റ് ബാറ്റര്‍മാരുടെ പ്രായം 30ന് മുകളിലാണ്. ഇനി വരുന്ന രണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഖവാജയെപ്പോലുള്ള ബാറ്റര്‍മാര്‍ വിരമിച്ചാല്‍ എന്തുചെയ്യും,’ ക്ലാര്‍ക്ക് പറഞ്ഞു.

എന്നാല്‍ ഇതുവരെ നടന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് കാര്യമായി റണ്‍സ് കണ്ടെത്താന്‍ മക്‌സ്വീനിക്ക് കഴിഞ്ഞിരുന്നില്ല. 14.42 ശരാശരിയില്‍ വെറും 72 റണ്‍സ് മാത്രമാണ് മക്‌സ്വീനിക്ക് നേടാന്‍ സാധിച്ചത്.

ഫസ്റ്റ് ക്ലാസില്‍ വെറും 11 മത്സരത്തിന്റെ എക്സ്പീരിയന്‍സുമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഓള്‍ റൗണ്ടര്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും കോണ്‍സ്റ്റാസിന് ബാഗി ഗ്രീന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേയ് റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ബ്യൂ വെബ്സ്റ്റര്‍.

Content Highlight: Michael Clarke reacts to the team selection for Boxing Day Test

We use cookies to give you the best possible experience. Learn more