മികച്ച രീതിയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്കല്‍ ക്ലാര്‍ക്. ഒടുവില്‍ കളിച്ച മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയുടെ ട്രാക്ക് റെക്കോഡ് മികച്ചതല്ല എന്ന വസ്തുത അംഗീകരിച്ച ക്ലാര്‍ക്, വിരാടിന് ഉറപ്പായും തിരിച്ചുവരാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.
ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിലാണ് മൈക്കല്‍ ക്ലാര്‍ക് ഇക്കാര്യം പറഞ്ഞത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ക്ലാര്‍ക്.
‘ഇത് വിരാട് കോഹ്‌ലിയാണ്. വേണമെങ്കില്‍ നാളെ അദ്ദേഹത്തിന് ഇരട്ട സെഞ്ച്വറി നേടാന്‍ സാധിക്കും, അത്തരത്തിലുള്ള താരമാണ് അദ്ദേഹം. അത്രയും മികച്ച ബാറ്ററാണ്.
വിരാടിന് ഇനിയും കളിക്കാന്‍ സാധിക്കും, മതിയെന്ന് തോന്നുന്നത് വരെ വിരാട് കളിക്കണം. ഇപ്പോള്‍ വിരാട് ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഒരു ടീം മാത്രമേ പരാജയപ്പെടൂ, അത് ഇന്ത്യയാണ്,’ ക്ലാര്‍ക് പറഞ്ഞു.
താനായിരുന്നു വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റനെങ്കില്‍, അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ സെലക്ടര്‍മാരോടും മാനേജ്‌മെന്റിനോടും പോരാടുമെന്നും ക്ലാര്‍ക് കൂട്ടിച്ചേര്‍ത്തു.
‘വിരാട് ഉള്ള ഏതൊരു ടീമിന്റെയും ക്യാപ്റ്റന്‍ ഞാനാണ് എന്നിരിക്കട്ടെ, കാര്യമായി റണ്‍സൊന്നും നേടുന്നില്ല എന്ന വസ്തുത വ്യക്തമായി മനസിലാക്കിയ ശേഷവും അവനെ ടീമിന്റെ ഭാഗമായി നിലനിര്‍ത്താന്‍ ഞാന്‍ ഉറപ്പായും പോരാടും,’ ക്ലാര്‍ക് പറഞ്ഞു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ തന്റെ പേരിനോടോ പെരുമയോടോ ഒട്ടും നീതിപുലര്‍ത്താത്ത പ്രകടനമാണ് വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നുമായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. പെര്‍ത്തില്‍ പുറത്താകാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പരമ്പരയില്‍ ആകെ 15 ഫോറുകള്‍ മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.
വിരാട് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അഞ്ച് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് ഒറ്റ ഇന്നിങ്‌സില്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. അതാകട്ടെ പത്ത് റണ്‍സും! ആകെ സ്‌കോര്‍ ചെയ്തത് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രം.
ഈ മോശം പ്രകടനത്തിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന് ആരാധകരടക്കം വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.
Content Highlight: Michael Clarke backed Virat Kohli