ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ പൊരുതി തോറ്റാണ് ന്യൂസിലാന്‍ഡ് ഹൈദരാബാദില്‍ നിന്നും തലയുയര്‍ത്തി മടങ്ങിയത്. വീണുപോകുമായിരുന്ന ന്യൂസിലാന്‍ഡിനെ കൈപിടിച്ചുയര്‍ത്തിയത് ഏഴാമനായ മൈക്കല്‍ ബ്രേസ്വെലാണ്.
ന്യൂസിലാന്‍ഡിന്റെ സകല ബാറ്റര്‍മാരെയും ഒന്നുപോലെ വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ബ്രേസ്വെലിന് മുമ്പിലെത്തിയപ്പോള്‍ കളി മറക്കുന്ന അവസ്ഥയായിരുന്നു. 78 പന്തില്‍ നിന്നും 140 റണ്‍സാണ് ബ്രേസ്വെല്‍ സ്വന്തമാക്കിയത്.
12 ബൗണ്ടറിയും പത്ത് സിക്‌സറുമടങ്ങുന്നതായിരുന്നു ബ്രേസ്വെലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 50 ഓവറിലെ രണ്ടാം പന്തില്‍ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ബ്രേസ്വെല്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങുന്നത് വരെ ന്യൂസിലാന്‍ഡ് വിജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. പത്താം വിക്കറ്റായി ബ്രേസ്വെല്‍ മടങ്ങിയതോടെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യ വിജയം കുറിച്ചു.
ബ്രേസ്വെലിന്റെ പ്രകടനം കാണുമ്പോള്‍ ഐ.പി.എല്ലിലെ സകല ടീമും ഇപ്പോള്‍ നിരാശ കൊണ്ട് മുഖം താഴ്ത്തി നില്‍ക്കുന്നുണ്ടാകും. ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്ലിന്റെ മിനി ലേലത്തില്‍ ദാസുന്‍ ഷണകയെ പോലെ അണ്‍സോള്‍ഡാവാനായിരുന്നു താരത്തിന്റെയും വിധി.
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബ്രേസ്വെലിനെ അടിസ്ഥാന വിലക്ക് പോലും സ്വന്തമാക്കാന്‍ ഒരു ടീമും വന്നിരുന്നില്ല. ഇതോടെ വില്‍ക്കപ്പെടാത്ത താരങ്ങളുടെ പട്ടികയിലെ പേരുമാത്രമായി ബ്രേസ്വെല്‍ ഐ.പി.എല്ലില്‍ നിന്നും മടങ്ങി.
എന്നാല്‍ മിനി ലേലത്തിന് ശേഷം ഇന്ത്യയില്‍ വെച്ച് നടന്ന തന്റെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ചുകൊണ്ടായിരുന്നു ബ്ലാക് ക്യാപ്‌സിന്റെ പോരാളി കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തലയുയര്‍ത്തി നിന്നത്.
ഇന്ത്യയുടെ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയോളം തന്നെ പ്രാധാന്യം കല്‍പിക്കാന്‍ സാധിക്കുന്ന ഇന്നിങ്‌സായിരുന്നു ബ്രേസ്വെലും പുറത്തെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ 349 റണ്‍സ് നേടിയിരുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരവും ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായിട്ടാണ് ഗില്‍ കസറിയത്.
ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത് റണ്‍ഗെറ്റര്‍.
350 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്‍ഡിന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ന്യൂസിലാന്‍ഡ് പരുങ്ങി.
എന്നാല്‍ ഏഴാമനായി ബ്രേസ്വെലെത്തിയതോടെ കാറ്റ് മാറി വീശി. അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് മുമ്പില്‍ ഒരേസമയം ക്ലാസും മാസും പുറത്തെടുത്താണ് ബ്രേസ്വെല്‍ കയ്യടി നേടിയത്. എന്നാല്‍ താരത്തിന്റെ ചെറുത്തുനില്‍പും ടീമിനെ വിജയിപ്പിക്കാന്‍ പോന്നതായിരുന്നില്ല.