ആദ്യത്തെ നാണക്കേട് മാറുന്നതിന് മുമ്പേ അടുത്തത്; ഇന്ത്യന്‍ ടീമിനെയും വിരാടിനെയും പരിഹസിച്ച് മൈക്കല്‍ ആതര്‍ട്ടണ്‍
Sports News
ആദ്യത്തെ നാണക്കേട് മാറുന്നതിന് മുമ്പേ അടുത്തത്; ഇന്ത്യന്‍ ടീമിനെയും വിരാടിനെയും പരിഹസിച്ച് മൈക്കല്‍ ആതര്‍ട്ടണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 9:59 pm

ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.

മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആയത് മറ്റൊരു നാണക്കേടാണ്. ഓസ്‌ട്രേലിയക്കെതിരെ 2020ല്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ട് ആയി ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോര്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ കിവീസിനെതിരെയും ഇന്ത്യ രണ്ടാമത്തെ മോശം സ്‌കോര്‍ ഏറ്റുവാങ്ങിയിരിക്കുയാണ്. ഇതോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആര്‍തര്‍ട്ടണ്‍ ഇന്ത്യന്‍ ടീമിനെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും പരിഹസിച്ചിരിക്കുകയാണ്. മൈക്കല്‍ ടൈംസ്.എയുടെ കോളത്തില്‍ എഴുതി.

മൈക്കല്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ചും വിരാടിനെക്കുറിച്ചും പറഞ്ഞത്

‘2020ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 36 റണ്‍സിന്റെ എക്കാലത്തെയും കുറഞ്ഞ സ്‌കോര്‍ രേഖപ്പെടുത്തി. നാല് വര്‍ഷത്തിന് ശേഷം ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലും അവര്‍ 46 റണ്‍സ് നേടി. മുമ്പത്തെ സംഭവത്തിന്റെ ഓര്‍മകള്‍ മങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണ്ടും നാണക്കേടിലേക്ക് പോയി. വിരാട് കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തെയും രണ്ട് കുറഞ്ഞ സ്‌കോറുകളുടെ ഭാഗമാണ്,’ മൈക്കല്‍ ടൈംസ്.എയുടെ കോളത്തില്‍ എഴുതി.

കിവീസിനെതിരെയുള്ള മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ വിരാട് പൂജ്യം റണ്‍സിന് പുറത്തായെങ്കലും രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് നേടിയാണ് പുറത്തായത്. കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 24 മുതല്‍ 28 വരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Michael Atherton Mocks Indian Team And Star batter