ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ് അവന്‍, എതിരാളിക്ക്‌ മുന്നില്‍ ഇടിമിന്നല്‍ സൃഷ്ടിക്കാന്‍ അവന് കഴിയും: മൈക്കല്‍ ആതര്‍ട്ടണ്‍
Sports News
ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ് അവന്‍, എതിരാളിക്ക്‌ മുന്നില്‍ ഇടിമിന്നല്‍ സൃഷ്ടിക്കാന്‍ അവന് കഴിയും: മൈക്കല്‍ ആതര്‍ട്ടണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th November 2024, 1:38 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്.

ഇപ്പോള്‍ സ്‌കൈ സ്പോര്‍ട്സ് ക്രിക്കറ്റില്‍ നടന്ന പോഡ്കാസ്റ്റില്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസം മൈക്കല്‍ ആതര്‍ട്ടണും ഇംഗ്ലണ്ട് ഇതിഹാസം നാസര്‍ ഹുസൈനും. ഇരുവരും കരിയറില്‍ ഇന്ത്യന്‍ സീമറെ നേരിടാത്തതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ് ബുംറയെന്നും പറഞ്ഞു.

‘ബുംറ അമ്പരപ്പിച്ചു. ന്യൂ ബോളിലെ ആ രണ്ട് സ്‌പെല്ലുകളും അതിഗംഭീരമായിരുന്നു. വിരമിച്ചതിന് ശേഷം നിങ്ങള്‍ ഓര്‍മിക്കാത്ത ഒരുപാട് ബൗളര്‍മാരുണ്ട്, ന്യൂ ബോളില്‍ നിങ്ങള്‍ നേരിടാത്ത ബൗളര്‍മാരുണ്ട്, നേരിടാത്തതില്‍ ദൈവത്തോട് നന്ദി പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നവര്‍ ചുരുക്കമാണ്. ഞാന്‍ ഉദ്ദേശിച്ചത്, നിങ്ങള്‍ ബുംറയ്‌ക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യുമെന്നാണ്?

ജസ്പ്രീത് ബുംറ ഒരു പേടിസ്വപ്നമാണ്. ഒരു യാര്‍ഡ് മുന്നേ ബാറ്റര്‍ക്ക് മുന്നില്‍ ഇടിമിന്നല്‍ സൃഷ്ടിക്കാന്‍ അവന് കഴിയും. കാരണം മറ്റേതൊരു ബൗളറെക്കാളും മികവിലാണ് അവന്റെ ഡെലിവറി. ബാറ്റര്‍മാര്‍ക്ക് പേടിസ്വപ്‌നം തന്നെയാണ് അവന്‍,’ മൈക്കല്‍ ആതര്‍ട്ടണ്‍ സ്‌കൈ സ്‌പോര്‍ട്‌സിലെ പോര്‍ട്കാസ്റ്റില്‍ പറഞ്ഞു.

ബുംറയെ നേരിടുന്നതിന് മുമ്പ് താന്‍ വിയര്‍ക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈമും പറഞ്ഞു.

‘എനിക്ക് അവനെ നേരിടാന്‍ ഭയമായിരിക്കും. ഞാന്‍ മുന്നോട്ട് പോകണോ, അതോ ക്രീസില്‍ നില്‍ക്കണോ എന്ന ചിന്തയാകും? അവന്റെ ബൗളിങ് ആയുധമായ സ്ലോ ബോള്‍, യോര്‍ക്കര്‍, ബൗണ്‍സര്‍ എന്നിവയെ പേടിക്കേണ്ടതുണ്ട്,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടി ബുംറ തിളങ്ങിയിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു. ന്യൂ ബോളില്‍ എതിരാളികളെ തകര്‍ക്കാന്‍ ശേഷിയുള്ള മികച്ച ബൗളിങ് രീതിയാണ് ബുംറയക്ക് ഉള്ളത്. ബോര്‍ഡര്‍ ഗവാസ്‌കറിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ഡൊമിനേഷന്‍ തുടരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

 

Content Highlight: Michael Atherton And Nasser Hussain Talking About Jasprit Bumrah