| Monday, 8th February 2021, 5:47 pm

'പ്രിയങ്കാ, നിങ്ങള്‍ എപ്പോഴാണ് വായ തുറക്കുക'? കര്‍ഷക സമരത്തില്‍ പ്രിയങ്ക ചോപ്രയുടെ മൗനത്തെ ചോദ്യം ചെയ്ത് മിയ ഖലിഫ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് വാര്‍ത്താപ്രാധാന്യം നേടിയ വ്യക്തികളിലൊരാളാണ് മിയ ഖലിഫ. ഇപ്പോഴിതാ രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറി നില്‍ക്കുന്ന ചിലര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും മിയ രംഗത്തെത്തിയിരിക്കുകയാണ്.

നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെയാണ് മിയയുടെ വിമര്‍ശനം. ആഗോളതലത്തില്‍ കര്‍ഷകസമരം ഇത്രയധികം ചര്‍ച്ചയായിട്ടും ഇതേപ്പറ്റി പ്രിയങ്ക ഒരക്ഷരം മിണ്ടാത്തത് എന്താണ് എന്നായിരുന്നു മിയയുടെ വിമര്‍ശനം.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്?, എന്നായിരുന്നു ട്വിറ്ററിലെഴുതിയത്.

‘പ്രിയങ്ക എപ്പോഴാണ് നിങ്ങള്‍ വായ തുറക്കുക?എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്’, എന്നായിരുന്നു മിയയുടെ ട്വീറ്റ്.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ കര്‍ഷക സമരത്തിന് അനുകൂലമായി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

ഫെബ്രുവരി മൂന്നിനാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി മിയ ഖലിഫ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലിഫ ചോദിച്ചു.

ട്വിറ്ററിലൂടെയായിരുന്നു മിയ ഖലിഫയുടെ പ്രതികരണം. ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതും മിയ ഖലിഫ ചൂണ്ടിക്കാട്ടി. നിരവധി പേരാണ് കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്.

പോപ് ഗായികയായ റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങിയവരും കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റിയാന കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിയാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിയാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കോഹ്ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mia Khalifa Slams Priyanka Chopra For Not Responding Farmers Protest

We use cookies to give you the best possible experience. Learn more