ജറുസലേം: ഇസ്രഈൽ – ഫലസ്തീൻ യുദ്ധത്തിൽ ഫലസ്തീനും ഹമാസിനും പിന്തുണ നൽകിയതിന് മിയ ഖലീഫയുമായുള്ള ബിസിനസ് ഡീലുകൾ അവസാനിപ്പിച്ച് പ്ലേബോയ് മാഗസിൻ ഉൾപ്പെടെയുള്ള കമ്പനികൾ.
ഫലസ്തീനിലെ സ്വാതന്ത്ര്യ സമര പോരാളികളോട് അവരുടെ ഫോൺ തിരിച്ചുപിടിച്ച് ഹോറിസോണ്ടലായി ഷൂട്ട് ചെയ്യാൻ ആരെങ്കിലും പറയാമോ എന്ന എക്‌സിലെ മിയ ഖലീഫയുടെ പോസ്റ്റിനെ തുടർന്നാണ് പ്ലേബോയ് മാഗസിനും കനേഡിയൻ ബ്രോഡ്കാസ്റ്ററും ബിസിനസ് ഡീലുകൾ അവസാനിപ്പിച്ചത്.
പ്ലേബോയ് പ്ലാറ്റ്ഫോമിലെ മിയയുടെ ക്രിയേറ്റർ അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.
മിയയുമായുള്ള ഡീലുകൾ അവസാന ഘട്ടത്തിലായിരുന്ന പോഡ്കാസ്റ്റ് പ്ലാറ്റ്ഫോം ടോഡ് ഷപ്പീരോയും അടിയന്തരമായി കരാർ അവസാനിപ്പിക്കുകയാണെന്ന് എക്‌സിൽ പോസ്റ്റ് ചെയ്തു.
ഫലസ്തീനെ പിന്തുണക്കുന്നതിന്റെ പേരിൽ തനിക്ക് ബിസിനസ് അവസരങ്ങൾ നഷ്ടമായെന്നും എന്നാൽ സയണിസ്റ്റുകളുമായാണ് ബിസിനസ്സിൽ ഏർപ്പെടുന്നതെന്ന് പരിശോധിക്കാത്തത്തിൽ തനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നുന്നുവെന്നും മിയ ഖലീഫ എക്‌സിൽ പോസ്റ്റ് ചെയ്തു.
മിയ ഖലീഫയെ ഉടൻ തന്നെ പുറത്താക്കുകയാണെന്ന ടോഡ് ഷപ്പീരോയുടെ എക്‌സിലെ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടായിരുന്നു മിയയുടെ മറുപടി.
വർണവിവേചനത്തിൽ നിന്ന് എങ്ങനെയാണ് തന്റെ ജനത പുറത്തുവന്നത് എന്ന് വ്യക്തമാക്കുന്ന 4k ഫുട്ടേജുകൾ വേണമെന്നും ലേബണനിൽ നിന്നുള്ള താൻ കൊളോണിയലിസത്തിനെ പിന്തുണക്കുമെന്ന് കരുതുന്നത് അസംബന്ധമാണെന്നും അവർ വ്യക്തമാക്കി.
‘സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട എന്റെ ജനത വായുവിലെ തുറന്ന ജയിലുകളുടെ മതിലുകൾ പൊളിച്ച് എങ്ങനെയാണ് പുറത്തുവന്നത് എന്ന് വ്യക്തമാക്കുന്ന 4k ഫുട്ടേജുകൾ ഉണ്ടെന്ന് ഞാൻ ഉറപ്പുവരുത്തും. എങ്ങനെയാണ് അവർ വർണവിവേചനത്തിൽ നിന്ന് മോചിതരായത് എന്ന് ചരിത്ര പുസ്തകത്തിൽ ചേർക്കാൻ അപ്പോൾ നമുക്ക് വഴികളുണ്ടാകും.
എന്റെ പേര് ഉച്ചരിക്കുംമുമ്പ് നിങ്ങളുടെ ചെറിയ കമ്പനിക്ക് ഒരു ലക്ഷ്യമോ ദിശയോ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കൂ. അടിച്ചമർത്തലിനെതിരെ പൊരുതുന്ന എല്ലാ മനുഷ്യർക്കുമൊപ്പമാണ് ഞാൻ. എന്റെ നിക്ഷേപത്തിനായി യാചിക്കുന്നതിനു മുൻപ് ഞാൻ ലബനനിൽ നിന്നാണ് എന്ന കാര്യം നിങ്ങൾ പോയി അന്വേഷിക്കൂ.
കൊളോണിയലിസത്തിന്റെ കൂടെ ഞാൻ നിൽക്കുമെന്ന് പ്രതീക്ഷിക്കുവാൻ നിങ്ങൾക്ക് ഭ്രാന്താണോ?’ എക്‌സിലെ പോസ്റ്റിൽ മിയ ഖലീഫ പറഞ്ഞു.
ഫലസ്‌തീന് പിന്തുണ അറിയിച്ചും ഇസ്രഈലിനെ പിന്തുണക്കുന്നവരെ വിമർശിച്ചും നിരവധി പോസ്റ്റുകൾ മിയ ഖലീഫ ഇതിനകം എക്‌സിൽ പങ്കുവെച്ചിരുന്നു.
CONTENT HIGHLIGHT: Mia Khalifa’s X post supporting Palastine; Fired from Business deals by companies