പാജിയും രോഹിത്തും ഹര്‍ദിക്കും ഒന്നിച്ച് നേടിയ നേട്ടം; മുംബൈയുടെ വാംഖഡെ അഥവാ തകര്‍ക്കാന്‍ പറ്റാത്ത ഉരുക്കുകോട്ട
IPL
പാജിയും രോഹിത്തും ഹര്‍ദിക്കും ഒന്നിച്ച് നേടിയ നേട്ടം; മുംബൈയുടെ വാംഖഡെ അഥവാ തകര്‍ക്കാന്‍ പറ്റാത്ത ഉരുക്കുകോട്ട
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 6:18 pm

 

 

ഐ.പി.എല്‍ 2024ലെ 25ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അടിത്തറയിളക്കി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം ആഘോഷിച്ചിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെവെയാണ് മുംബൈ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്, രജത് പാടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ബെംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി.

ഫാഫ് 40 പന്തില്‍ 61 റണ്‍സും പാടിദാര്‍ 26 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 23 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അഞ്ച് ഫോറും നാല് സിക്‌സറും അടക്കം 230.43 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഇഷാന്‍ കിഷാന്‍ ആറാടിയപ്പോള്‍ ആര്‍.സി.ബി ബൗളര്‍മാര്‍ വീണ്ടും കളി മറന്നു. മുഹമ്മദ് സിറാജിനെയും റീസ് ടോപ്‌ലിയെയും ആകാശ് ദീപിനെയും ഇഷാനും രോഹിത്തും മാറി മാറി അടിച്ചുകൂട്ടിയപ്പോള്‍ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും പിറന്നു.

ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ഇഷാന്‍ കിഷന്‍ പുറത്തായി. എന്നാല്‍ അതിലും വലിയ കൊടുങ്കാറ്റിനെയാണ് റോയല്‍ ചലഞ്ചേഴ്‌സിന് നേരിടാനുണ്ടായിരുന്നത്. ഇംപാക്ട് പ്ലെയറായി സൂര്യകുമാര്‍ യാദവ് എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ ചലിച്ചു.

വെറും 19 പന്തില്‍ 52 റണ്‍സടിച്ചാണ് സ്‌കൈ പ്ലേ ബോള്‍ഡ് ആര്‍മിക്ക് മേല്‍ തീയായി പടര്‍ന്നുകയറിയത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. 24 പന്തില്‍ 38 റണ്‍സ് നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സും മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി.

ഒടുവില്‍ 16ാം ഓവറിലെ മൂന്നാം പന്തില്‍ മുംബൈ ആര്‍.സി.ബിയെന്ന കടമ്പ മറികടന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും മുംബൈ ഇന്ത്യന്‍സിനെ തേടിയെത്തി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു വേദിയില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് മുംബൈയെ തേടിയെത്തിയത്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിക്കുന്ന ടീമുകള്‍

(ടീം – സ്റ്റേഡിയം – വിജയം എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – വാംഖഡെ സ്റ്റേഡിയം – 50

ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെപ്പോക് സ്‌റ്റേഡിയം – 48

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഈഡന്‍ ഗാര്‍ഡന്‍സ് – 48

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചിന്നസ്വാമി സ്‌റ്റേഡിയം – 40

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും മൂന്ന് തോല്‍വിയുമായി നാല് പോയിന്റാണ് മുംബൈക്കുള്ളത്.

ഏപ്രില്‍ 14നാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഐ.പി.എല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: MI vs GT: Mumbai Indians becomes the first team to register 50 wins in a single stadium in IPL