| Wednesday, 21st November 2018, 7:27 am

എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു.

കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

ആണവ കരാറിന്റെ സമയത്തെല്ലാം ദേശീയ ചാനലുകളിലടക്കം കോണ്‍ഗ്രസിന്റെ നാവായി ഷാനവാസ് എം.പി സജീവമായിരുന്നു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളേജില്‍ നിന്ന ്എല്‍.എല്‍.ബിയും അദ്ദേഹം നേടി.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രണ്ടാമതും പാര്‍ലമെന്റിലെത്തിയത്.

നേരത്തെ 1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും ഷാനവാസ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

കുടുംബാംഗങ്ങള്‍: ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്‌ന

We use cookies to give you the best possible experience. Learn more