മേജര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങി ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 105 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് നൈറ്റ് റൈഡേഴ്‌സ് ഏറ്റുവാങ്ങിയത്. എം.ഐ ന്യൂയോര്‍ക്കാണ് ലോസ് ആഞ്ചലസിന്റെ അടിത്തറയിളക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂയോര്‍ക്കിന്റെ തുടക്കം മോശമായിരുന്നെങ്കിലും മധ്യനിരയിലെ ചെറുത്ത് നില്‍പ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു.
37 പന്തില്‍ നിന്നും രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 38 റണ്‍സുമായി നിക്കോളാസ് പൂരനും 21 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സ് നേടിയ ടിം ഡേവിഡുമാണ് ന്യൂയോര്‍ക്കിനെ കൈപിടിച്ചുയര്‍ത്തിയത്. നാല് വീതം സിക്‌സറും ബൗണ്ടറിയുമായി 228.57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഡേവിഡിന്റെ പ്രകടനം.
A comeback at the end and we have a total to defend. 💪
ലോസ് ആഞ്ചലസ് നിരയില്‍ ഒരേയൊരു താരത്തിന് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 26 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ഉന്‍മുക്ത് ചന്ദ് മാത്രമാണ് പൊരുതാനുള്ള ശ്രമമെങ്കിലും നടത്തിയത്. പുറത്താകാതെ ആറ് റണ്‍സ് നേടിയ ആദം സാംപയാണ് നൈറ്റ് റൈഡേഴ്‌സിന്റെ സെക്കന്‍ഡ് ഹൈ സ്‌കോറര്‍.
റസലും നരെയ്‌നും റൂസോയും രണ്ട് റണ്‍സ് വീതം നേടി മടങ്ങിയപ്പോള്‍ ബ്രോണ്‍സ് ഡക്കായാണ് ഗപ്ടില്‍ പുറത്തായത്. ഒടുവില്‍ 14ാം ഓവറിലെ അഞ്ചാം പന്തില്‍ വെറും 50 റണ്‍സിന് നൈറ്റ് റൈഡേഴ്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു.
ന്യൂയോര്‍ക്കിനായി ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് അടക്കം പന്തെറിഞ്ഞ എല്ലാ താരങ്ങളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കളിച്ച രണ്ട് മത്സരത്തിലും തോറ്റ നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. -4.350 എന്ന നെറ്റ് റണ്‍ റേറ്റാണ് നിലവില്‍ ടീമിനുള്ളത്. അതേസമയം, ആദ്യ ജയം സ്വന്തമാക്കിയ ന്യൂയോര്‍ക് രണ്ടാം സ്ഥാനത്തേക്ക് കയറി. റണ്‍ റേറ്റാണ് ന്യൂയോര്‍ക്കിന് തുണയായത്.
ജൂലൈ 19നാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രയറിയില്‍ നടക്കുന്ന മത്സരത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സാണ് എതിരാളികള്‍.
അതേസമയം, എം.എല്‍.സിയിലെ എല്‍ ക്ലാസിക്കോക്കാണ് ക്രിക്കറ്റ് ലോകം നാളെ സാക്ഷിയാകുന്നത്. ഗ്രാന്‍ഡ് പ്രയറിയില്‍ നടക്കുന്ന മത്സരത്തില്‍ എം.ഐ ന്യൂയോര്‍ക്ക് ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ നേരിടും. ബ്രാവോ-പൊള്ളാര്‍ഡ് ഫെയ്‌സ് ഓഫ് തന്നെയാണ് ഈ മത്സരത്തിന് ഹൈപ്പ് ഏറ്റുന്നത്. ഇന്ത്യന്‍ സമയം ആറ് മണിക്കാണ് മത്സരം.
Content Highlight: MI New York defeated Los Angeles Knight Riders