| Wednesday, 2nd August 2023, 8:58 am

പത്ത് ഫൈനല്‍, ഒമ്പത് കിരീടം... ഇതല്ലേ ഡോമിനേഷന്‍; അക്ഷരം തെറ്റാതെ വിളിക്കാം The Winning Juggernaut

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെ പരാജയപ്പെടുത്തി പ്രഥമ എം.എല്‍.എസ് കിരീടം ചൂടിയാണ് എം.ഐ ന്യൂയോര്‍ക് ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ പുതുചരിത്രം കുറിച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെ അവിശ്വസനീയമായ വെടിക്കെട്ടാണ് ന്യൂയോര്‍ക്കിനെ കിരീടത്തിലെത്തിച്ചത്.

രണ്ടാം ക്വാളിഫയറില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയതോടെ തങ്ങളുടെ പത്താമത് ഫൈനലിലേക്കാണ് മുംബൈ ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസി കാലെടുത്ത് വെച്ചത്. ഇതിന് മുമ്പ് ഒമ്പത് തവണയാണ് എം.ഐ വിവിധ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ പ്രവേശിച്ചത്.

2010ല്‍ ഐ.പി.എല്ലിലാണ് എം.ഐ ആദ്യമായി ഒരു ഫൈനല്‍ മത്സരം കളിക്കുന്നത്. അന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍ക്കാനായിരുന്നു സച്ചിന്റെയും സംഘത്തിന്റെയും വിധി. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്.

എന്നാല്‍ തുടര്‍ന്ന് കളിച്ച ഒമ്പത് ഫൈനലിലും കപ്പുയര്‍ത്തിക്കൊണ്ടാണ് എം.ഐ ഫ്രാഞ്ചൈസി കരുത്ത് കാട്ടിയത്.

2011ലാണ് മുംബൈ ആദ്യമായി ഒരു കിരീടം സ്വന്തമാക്കുന്നത്. 2011 ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

തുടര്‍ന്നങ്ങോട്ട് അഞ്ച് തവണ ഐ.പി.എല്ലിന്റെ കിരീടം ചൂടിയ മുംബൈ 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും 2023ല്‍ വുമണ്‍സ് പ്രീമിയര്‍ ലീഗിലും ഇപ്പോള്‍ മേജര്‍ ലീഗ് ക്രിക്കറ്റിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിന്റെ ഫൈനല്‍ മത്സരങ്ങള്‍

(മത്സരം – എതിരാളികള്‍ – ഫലം)

ഐ.പി.എല്‍ 2010 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – തോല്‍വി.

ചാമ്പ്യന്‍സ് ലീഗ് ട്രോഫി 2011 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – വിജയം.

ഐ.പി.എല്‍ 2013 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – വിജയം.

ചാമ്പ്യന്‍സ് ലീഗ് ട്രോഫി 2013 – രാജസ്ഥാന്‍ റോയല്‍സ് – വിജയം.

ഐ.പി.എല്‍ 2015 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – വിജയം.

ഐ.പി.എല്‍ 2017 – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – വിജയം.

ഐ.പി.എല്‍ 2019 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – വിജയം.

ഐ.പി.എല്‍ 2020 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – വിജയം.

വുമണ്‍സ് പ്രീമിയര്‍ ലീഗ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – വിജയം.

മേജര്‍ ലീഗ് ക്രിക്കറ്റ് (എം.ഐ ന്യൂയോര്‍ക്) – സിയാറ്റില്‍ ഓര്‍ക്കാസ് – വിജയം.

ഇതിന് പുറമെ എസ്.എ 20യിലും ഐ.എല്‍. ടി-20യിലും മുംബൈ ഫ്രാഞ്ചൈസികള്‍ കളിച്ചിരുന്നെങ്കിലും ഫൈനലില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.

പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയം മാത്രം സ്വന്തമാക്കി എസ്.എ 20യില്‍ എം.ഐ കേപ് ടൗണ്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായപ്പോള്‍ ഐ.എല്‍.ടി-20യില്‍ പ്ലേ ഓഫിലാണ് എം.ഐ എമിറേറ്റ്‌സ് പുറത്തായത്.

Content highlight: MI Franchisee’s  domination in finals

We use cookies to give you the best possible experience. Learn more