| Friday, 12th August 2022, 9:28 am

മോശം ഫോമിലും പൊള്ളാര്‍ഡിനെ കൈവിടാതെ മുംബൈ, ഒപ്പം ബ്രാവോയും പൂരനും ടീമില്‍; ഇതാ കാണൂ പുത്തന്‍ മുംബൈ ഇന്ത്യന്‍സിനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചുവടുപിടിച്ച് സൗത്ത് ആഫ്രിക്കയിലും യു.എ.ഇയിലും ചലനങ്ങളുണ്ടാക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയാണ് ടി-20 ലീഗുകളില്‍ കരുത്ത് കാട്ടാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ മെന്ററായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ആര്‍ച്ച് റൈവല്‍സായ മുംബൈ ഇന്ത്യന്‍സും പടയ്ക്ക് കോപ്പുകൂട്ടുന്നത്.

യു.എ.ഇ, സൗത്ത് ആഫ്രിക്ക ലീഗുകളിലേക്ക് വെസ്റ്റ് ഇന്‍ഡീസ് കരുത്തന്‍മാരെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചാണ് മുംബൈ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല മൂന്ന് കരീബിയന്‍ വമ്പന്‍മാരെയാണ് മുംബൈ ഫ്രാഞ്ചൈസി സൈന്‍ ചെയ്തിരിക്കുന്നത്.

വെസ്റ്റ് ഇന്‍സീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍ എന്നിവരെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

ഇവരില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഐ.പി.എല്ലിലും മുംബൈയുടെ താരമാണ്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു പൊള്ളാര്‍ഡ്.

പതിനഞ്ചാം സീസണില്‍ ബ്രാവോ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. നിലവിലെ വിന്‍ഡീസ് നായകനായ നിക്കോളാസ് പൂരനാവട്ടെ സണ്‍റൈസേഴ്‌സിന് വേണ്ടിയാണ് ബാറ്റേന്തിയത്.

ഡ്വെയ്ന്‍ ബ്രാവോ, കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നീ 4D ഓള്‍ റൗണ്ടര്‍മാര്‍ക്കൊപ്പം 5D ഓള്‍ റൗണ്ടറായ നിക്കോളാസ് പൂരനേയും ടീമിലെത്തിച്ച് എതിര്‍ ടീമുകള്‍ക്ക് വമ്പന്‍ വെല്ലുവിളിയാണ് മുംബൈ ടൂര്‍ണമെന്റിന് മുമ്പ് തന്നെ നല്‍കിയിരിക്കുന്നത്.

അതേസയം, ഇരു ടൂര്‍ണമെന്റിലേക്കുമുള്ള ടീമിന്റെ പേര് മുംബൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ ടി-20 ലീഗിലെ ടീമിന് എം.ഐ എമിറേറ്റ്‌സ് (MI Emirates) എന്നും സൗത്ത് ആഫ്രിക്ക ടി-20 ലീഗിലെ ടീമിന് എം.ഐ കേപ് ടൗണ്‍ (MI Cape Town) എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

മൈ എമിറേറ്റ്‌സ് (My Emirates) മൈ കേപ് ടൗണ്‍ (My Cape Town) എന്നിങ്ങനെ വിളിക്കാന്‍ സാധിക്കുന്ന ടീമുകളെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നതായും മുംബൈ ഇന്ത്യന്‍സ് പറഞ്ഞിരുന്നു.

അതേസമയം, ബി.ബി.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് യു.എ.ഇ ടി-20 ലീഗ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഐ.പി.എല്ലിന് ശേഷം ലാഭകരമായ രണ്ടാമത് ഫ്രാഞ്ചൈസി ലീഗായാണ് യു.എ.ഇ ടി-20 ലീഗ് മാറിയിരിക്കുന്നത്.

Content Highlight: MI franchise signs Kieron Pollard, Dwayne Bravo and Nicholas Pooran for UAE and South Africa T20 League

We use cookies to give you the best possible experience. Learn more