ഐ.പി.എല്ലിന്റെ ചുവടുപിടിച്ചെത്തിയ യു.എ.ഇ ക്രിക്കറ്റ് ലീഗില്‍ പരിശീലകന്‍മാരെയെത്തിച്ച് പടയൊരുക്കം തുടങ്ങി മുംബൈ ഇന്ത്യന്‍സിന്റെ ഫ്രാഞ്ചൈസിയായ എം.ഐ എമിറേറ്റ്‌സ്. പ്രധാന പരിശീലകനൊപ്പം ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരെയാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂസിലാന്‍ഡ് ഇതിഹാസം ഷെയ്ന്‍ ബോണ്ടാണ് ടീമിന്റെ ഹെഡ് കോച്ച്. 2015 മുതല്‍ മുംബൈയുടെ ബൗളിങ് പരിശീലകനായ ബോണ്ട് മുംബൈ പടയെ നാല് കിരീടം നേടാനും സഹായിച്ചിരുന്നു. ഐ.പി.എല്ലില്‍ മുംബൈക്കൊപ്പം തുടരവെ തന്നെയാണ് എം.ഐ എമിറേറ്റ്‌സിനൊപ്പവും താരം പടക്കൊരുങ്ങുന്നത്.
2012 മുതല്‍ 2015 വരെ ന്യൂസിലാന്‍ഡ് ദേശീയ ടീമിന്റെ കോച്ചായിരുന്ന ബോണ്ട് ബി.ബി.എല്ലില്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ ബൗളിങ് പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.
‘എം.ഐ എമിറേറ്റ്സിന്റെ ഹെഡ് കോച്ചായി നിയമിക്കപ്പെടുന്നത് വലിയൊരു പ്രിവിലേജാണ്. ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്,
കൂടാതെ എം.ഐയുടെ ലെഗസി നടപ്പിലാക്കാനും ഗെയിമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങളുടെ കളിക്കാരെ പ്രചോദിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ ചുമതലയേറ്റ ശേഷം ബോണ്ട് പറഞ്ഞു.
ടീമിന്റെ ബാറ്റിങ് കോച്ചായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ഥിവ് പട്ടേലിനെയാണ് എം.ഐ നിയമിച്ചിരിക്കുന്നത്. 2020 മുതല്‍ മുംബൈയുടെ ടാലന്റ് സ്‌കൗട്ടിങ് ടീമിന്റെ ഭാഗമായ പട്ടേല്‍, പുതിയ റോളില്‍ തിളങ്ങാനൊരുങ്ങുകയാണ്.
മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറാണ് ടീമിന്റെ ബൗളിങ് കോച്ച്. പരിശീലകന്റെ ചുമതലയിലേക്ക് ആദ്യമെത്തുന്ന വിനയ് കുമാറില്‍ ഏറെ പ്രതീക്ഷകളാണ് ടീം വെച്ചുപുലര്‍ത്തുന്നത്.
മുന്‍ കിവീസ് സൂപ്പര്‍ താരം ജെയിംസ് ഫ്രാങ്ക്‌ളിനാണ് ടീമിന്റെ ഫീല്‍ഡിങ് കോച്ച്.
ഏറെ നാളുകള്‍ക്ക് ശേഷം ഐ.പി.എല്‍ 2022നിടെയായിരുന്നു ഫ്രാങ്ക്‌ളിന്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായത്. 2011 ചാമ്പ്യന്‍സ് ട്രോഫിക്കിടെ ആന്‍ഡ്രൂ സൈമണ്ട്‌സും ജെയിംസ് ഫ്രാങ്ക്‌ളിനും തന്റെ ജീവന് തന്നെ ഭീഷണിയാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് ചഹല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഫ്രാങ്ക്‌ളിന്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയായത്.
‘2011 ചാമ്പ്യന്‍സ് ലീഗ് വിജയിച്ചതിന് ശേഷമായിരുന്നു സംഭവം. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിജയാഘോഷം. അവന്‍ (സൈമണ്ട്സ്) ഒരുപാട് ‘ഫ്രൂട്ട് ജ്യൂസ്’ കുടിച്ചിരുന്നു. (ചിരിക്കുന്നു). ഞാന്‍ അവനൊപ്പമുണ്ടായിരുന്നു.
പെട്ടെന്ന് സൈമണ്ട്സും ഫ്രാങ്ക്ളിനും ചേര്‍ന്ന് എന്റെ കൈയും കാലും കെട്ടിയിടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. പിന്നെ അവര്‍ എന്നെ കുറിച്ച് മറന്നുപോയി.
പാര്‍ട്ടി കഴിഞ്ഞ് രാവിലെ ക്ലീന്‍ ചെയ്യാനെത്തിയ ആളാണ് എന്നെ കാണുന്നത്. എന്നെ സ്വതന്ത്രനാക്കിയ ശേഷം അയാള്‍ ആദ്യം ചോദിച്ചത് എത്ര നേരമായി ഇങ്ങനെ കിടക്കുന്നു എന്നായിരുന്നു. രാത്രി മുഴുവനും എന്ന് ഞാന്‍ മറുപടി പറഞ്ഞു.
ഇവരോട് ഇതേ കുറിച്ച് ചോദിച്ചില്ലേ എന്ന് ചഹലിനോട് ചോദിച്ചപ്പോള്‍, പിറ്റേ ദിവസം അവരോട് ഇക്കാര്യത്തെ കുറിച്ച് തിരക്കിയെങ്കിലും അവര്‍ ഒരുപാട് ‘ജ്യൂസ്’ കുടിച്ചിരുന്നതിനാല്‍ അവര്‍ക്കൊന്നും ഓര്‍മയില്ലായിരുന്നു എന്നായിരുന്നു അവരുടെ മറുപടി,’ എന്നായിരുന്നു ഐ.പി.എല്ലിനിടെ ചഹല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അടുത്ത വര്‍ഷം ജനുവരിയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ടീം ഉള്‍പ്പടെ ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ള ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്.
ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികള്‍ കളിക്കുന്ന സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗും ഇതേ സമയം നടക്കും.
Content Highlight: MI Emirates announce their coaches before T20 league