എസ്.എ20യില്‍ എം.ഐ കേപ് ടൗണും പ്രിട്ടോറിയ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേപ് ടൗണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം സ്റ്റേഡിയം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന പടുകൂറ്റന്‍ സ്‌കോറാണ് എതിരാളികള്‍ക്ക് കേപ് ടൗണ്‍ നല്‍കിയത്.
ടീമിലെ മുന്‍നിരയില്‍ വന്നവരെ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിയാല്‍ റിക്കല്‍ട്ടന്റെയും ഡോവാള്‍ട് ബ്രവിസിന്റെയും മിന്നും പ്രകടനത്തിലാണ് ടീം ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. റിയാന്‍ 45 പന്തില്‍ നിന്ന് അഞ്ച് സിക്‌സറുകളും 10 ബൗണ്ടറികളും ഉള്‍പ്പെടെ 90 റണ്‍സ് ആണ് അടിച്ചെടുത്തത്. 200 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. കൂടെ ബ്രെവിസ് 32 പന്തില്‍ നിന്ന് ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും അടക്കം 66 റണ്‍സും നേടി.
അര്‍ധ സെഞ്ച്വറി തികച്ചില്ലെങ്കിലും കളിച്ച താരങ്ങളെല്ലാം മിന്നും സ്‌ട്രൈക്ക് റേറ്റില്‍ ആണ് ബാറ്റ് വീശിയത്. ഓപ്പണര്‍ റാസി വാന്‍ഡര്‍ ഡസന്‍ ഒമ്പത് പന്തില്‍ മൂന്ന് സിക്‌സറുകള്‍ അടക്കം 21 റണ്‍സ് നേടിയപ്പോള്‍ സാം കറന്‍ 12 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം 22 റണ്‍സ് നേടി. കേവലം ഏഴ് പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ പൊള്ളാട് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും അടക്കം 27 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 385.71 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ക്യാപിറ്റല്‍സിനുവേണ്ടി വെയ്ന്‍ പാര്‍ണല്‍ നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഡാരിന്‍ ഡുപ്പാവില്ലണ്‍ ഒരു വിക്കറ്റും നേടി 73 റണ്‍സ് വിട്ടുകൊടുത്തു. മാച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ഡാരിന്‍ ആയിരുന്നു.
നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് പ്രിട്ടോറിയ നേരിടുന്നത്. നാല് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് ആണ് ടീം നേടിയത്.
Content Highlight: MI Cape Town stunned in SA20