| Monday, 18th March 2019, 9:11 am

മാറുമറയ്ക്കല്‍ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠം എന്‍.സി.ആര്‍.ടി പാഠപുസ്തകത്തില്‍ നിന്നും എടുത്തുമാറ്റി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവിതാംകൂറില്‍ നടന്ന ചരിത്രപ്രസിദ്ധമായ മാറുമറക്കല്‍ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതുള്‍പ്പടെ മൂന്ന് പാഠങ്ങള്‍ എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി. 70-ാളം പേജുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എടുത്തുകളഞ്ഞത്. ഇന്ത്യ ആന്റ് കണ്ടമ്പററി വേള്‍ഡ് എന്ന ഒമ്പതാം തരത്തിലെ ചരിത്ര പുസ്തകത്തിലെ പാഠങ്ങളാണ് കേന്ദ്രം എടുത്തുമാറ്റിയത്. കുട്ടികളുടെ പഠനഭാരം കുറക്കാനാണ് പുതിയ നടപടിയെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിശദീകരണം.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ വരുത്തുന്ന രണ്ടാമത്തെ തിരുത്താണിത് . പുതിയ പുസ്തകങ്ങള്‍ ഈ മാസം മുതല്‍ തന്നെ വിദ്യാലയങ്ങളില്‍ ഉപേയാഗിച്ച് തുടങ്ങും. 2017ല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ 1,334 മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.

“വസ്ത്രധാരണം; ഒരു സാമൂഹ്യ ചരിത്രം”, “കര്‍ഷകരും ഗ്രാമീണരും”, “ക്രക്കറ്റിന്റെ ചരിത്രം”, എന്നിവയാണ് ഒഴിവാക്കപ്പെട്ട മൂന്ന് പാഠങ്ങള്‍. ഇതില്‍ കര്‍ഷകരും ഗ്രാമീണരും എന്ന പാഠം ചര്‍ച്ച ചെയ്യുന്നത് മുതലാളിത്തത്തിന്റെ വളര്‍ച്ചയും കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ്.

ഇന്ത്യയിലേയും ബ്രിട്ടനിലേയും വസ്ത്രധാരണത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അതിന് പ്രേരകമായി സാമൂഹ്യ മുന്നേറ്റങ്ങളെയും പ്രതിപാദിക്കുന്ന പാഠമാണ് വസ്ത്രധാരണം; ഒരു സാമൂഹ്യ ചരിത്രം. ഭക്ഷണ കാര്യത്തിലും, വസ്ത്രധാരണത്തിലും ഇന്ത്യയില്‍ നിലനിന്നു പോന്ന ജാതി വിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന “ജാതി സംഘര്‍ഷങ്ങളും വസ്ത്രധാരണത്തിലെ മാറ്റവും” എന്ന ഉപ പാഠവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read ബി.ജെ.പിയെയും മോദിയേയും ട്രോളിക്കൊന്ന് ഹസന്‍ മിന്‍ഹാജ്; പാട്രിയോട്ട് ഷോയിലെ പുതിയ ലക്കം ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച്

“1822 മേയ് മാസത്തില്‍, മാറു മറച്ചതിന്റെ പേരില്‍ തിരുവിതാംകൂറില്‍ വെച്ച് ചാന്നാര്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ നായര്‍ വിഭാഗങ്ങളാല്‍ പരസ്യമായി ആക്രമിക്കപ്പെട്ടു. അതിനോടനുബന്ധിച്ച പതിറ്റാണ്ടുകളില്‍, വസ്ത്രധാരണത്തെ ചൊല്ലി വിവിധ സംഘര്‍ഷങ്ങള്‍ വേറെയും ഉണ്ടായി”- പാഠത്തില്‍ പറയുന്നു.

2016 പുറത്തിറങ്ങിയ സര്‍ക്കുലര്‍ “ജാതി സംഘര്‍ഷവും പ്രകാരം വസത്രധാരണവും” എന്ന പാഠഭാഗത്തില്‍ നി്ന്നും ചോദ്യങ്ങള്‍ പാടില്ലെന്നും ഇത് കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ പുതിയ ഉത്തരവോടെ പാഠം എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെടും.

എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് എഴുതിയ കവിത എട്ടാം തരത്തിലെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more