| Friday, 8th November 2024, 8:24 am

മണിപ്പൂർ അക്രമത്തിനിരയായവർക്കുള്ള മുഴുവൻ നഷ്ടപരിഹാരവും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂരിൽ ആക്രമണത്തിനിരയായവർക്കുള്ള മുഴുവൻ നഷ്ടപരിഹാരത്തുകയും കേന്ദ്രം ഇതുവരെയും നൽകിയിട്ടില്ലെന്ന് ദി വയർ. വിവരാവകാശ കമ്മീഷൻ വഴി നടത്തിയ അന്വേഷങ്ങൾക്ക് പിന്നാലെയാണ് റിപ്പോർട്ട്. 2023 മെയ് അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വംശീയ കലാപങ്ങൾക്കിടയിൽ ഇംഫാൽ സന്ദർശിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ ഇരകൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആർ.ടി.ഐ ( റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് 2005 ) പ്രതികരണം വ്യക്തമാക്കുന്നു.

സന്ദർശനവേളയിൽ അമിത് ഷാ മണിപ്പൂരിലെ മെയ്തേയ്, കുക്കി-സോ കമ്മ്യൂണിറ്റികളിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒപ്പം ജൂൺ ഒന്നിന് ഒരു പത്രസമ്മേളനവും നടത്തി. തുടർന്ന് അദ്ദേഹം നിരവധി പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു.

അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം എന്നതായിരുന്നു അതിലൊരു വാഗ്‌ദാനം. ദി വയറിന്റെ വിവരാവകാശ അപേക്ഷകൾക്ക് മറുപടിയായി മണിപ്പൂരിന് 7.35 കോടി രൂപ ധനസഹായമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതായി കണ്ടെത്തി.

2023 മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് 226 പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഈ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 11.30 കോടി രൂപ അനുവദിക്കണം. എന്നാൽ അതിൽ 3.95 കോടി രൂപ ഇനിയും നൽകാനുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ദി വയർ മണിപ്പൂർ സർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

അമിത് ഷായുടെ കീഴിൽ കേന്ദ്ര മന്ത്രാലയം അനുവദിച്ച തുക 7.35 കോടി രൂപയാണ്. ഈ തുക വഴി 226 കുടുംബങ്ങളിൽ 147 കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

മണിപ്പൂരിലെ ജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്ന സാമ്പത്തിക സഹായം, സെൻട്രൽ സ്‌കീം ഫോർ അസ്സിസ്റ്റൻസ് ടു സിവിലിയൻ വിക്‌ടിംസ് പദ്ധതിക്ക് കീഴിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവരാവകാശ പ്രതികരണം വെളിപ്പെടുത്തുന്നു. തീവ്രവാദമോ വർഗീയമോ ആയ അക്രമം, അതിർത്തി കടന്നുള്ള വെടിവയ്പ്പ്, ഇന്ത്യൻ പ്രദേശത്തിനകത്തുള്ള ഖനി സ്ഫോടനങ്ങൾ എന്നിവയിലൂടെ ഉണ്ടാകുന്ന മരണങ്ങൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയാണിത്.

ഈ സഹായം സാധാരണയായി ജീവിച്ചിരിക്കുന്ന ഇണയ്ക്കോ അല്ലെങ്കിൽ ഒരേ സംഭവത്തിൽ ദമ്പതികൾ രണ്ടുപേരും മരിക്കുകയാണെങ്കിൽ, കുടുംബത്തിന് മൊത്തത്തിലായി നൽകപ്പെടുന്നു. നഷ്ടപരിഹാരം സി.എസ്.എ.സി. വി പദ്ധതിയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോ മണിപ്പൂർ സർക്കാരോ പരസ്യമായി പരാമർശിച്ചിട്ടില്ല.

ജൂൺ ഒന്നിലെ പത്രസമ്മേളന വേളയിൽ, സംഘർഷ ബാധിത മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു പദ്ധതി ആവിഷ്കരിക്കുമെന്ന് അമിത് ഷാ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ , അതിൻ്റെ നടപ്പാക്കൽ ഇതുവരെയും നടന്നിട്ടില്ല. പഠനത്തിനായി ഇംഫാലിലേക്ക് പോകാൻ കഴിയാത്ത നിരവധി കുക്കി വിദ്യാർത്ഥികൾ നഗരത്തിന് പുറത്ത് പ്രവേശനം തേടിയിട്ടുണ്ട്. കലാപത്തിൽ കുടിയിറക്കപ്പെട്ട കുക്കി വിദ്യാർത്ഥികളെ ആദ്യമായി സ്വാഗതം ചെയ്തത് കേരളത്തിലെ കണ്ണൂർ സർവകലാശാലയാണ്.

കൂടാതെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികൾ നേരിടുന്ന മലയോര മേഖലകളിൽ പ്രത്യേകമായി ഡോക്ടർമാരെ നൽകുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മണിപ്പൂരിൽ കുറഞ്ഞത് 35 വ്യക്തികളെങ്കിലും മെഡിക്കൽ അത്യാഹിതങ്ങൾ കാരണം മരിച്ചതായി റിപ്പോർട്ടുണ്ട്.

Content Highlight: MHA Yet to Disburse Full Compensation for Manipur Violence Victims: RTI

We use cookies to give you the best possible experience. Learn more