ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസിലും പൗരത്വ ഭേദഗതി പ്രതിഷേധത്തിലും അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട് വാര്‍ത്തകുറിപ്പില്‍ പ്രതികരിച്ചുകൊണ്ട് ഇക്കാര്യം മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്.
ഇന്ത്യയില്‍ എന്‍.ജി.ഒകള്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരടക്കമുള്ളവര്‍ അറസ്റ്റിലാകുന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ വാര്‍ത്താകുറിപ്പ്. ഇതേ തുടര്‍ന്ന് ലോക്‌സഭാ എം.പിമാരായ മുഹമ്മദ് ജാവേദ്, ടി.എന്‍ പ്രതാപന്‍, കനി കെ. നവാസ് തുടങ്ങിയവര്‍ ചോദ്യം ഉന്നയിക്കുകയായിരുന്നു.
ഭീമ കൊറേഗാവ് കേസ്, പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്റ്റിലായവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നായിരുന്നു ഇവരുടെ ചോദ്യം. കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് മറുപടി നല്‍കിയത്.
നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പൗരവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെയോ തടവിനെയോ കുറിച്ച് പ്രത്യേകം വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ ഇത്തരം അറസ്റ്റുകളെ വിലയിരുത്തി എന്തെങ്കിലും നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് കിഷന്‍ റെഡ്ഡി മറുപടി നല്‍കിയത്.
ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച ആശങ്കകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യമായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റസ് ആക്ട് ഉള്‍പ്പെടെ മനുഷ്യാവകാശ സംരക്ഷണത്തിനായി ഭരണഘടനയില്‍ വിവിധ വിഭാഗങ്ങളുണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക