| Monday, 28th December 2020, 8:32 pm

യു.കെയിലെ പുതിയ കൊവിഡ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ നീട്ടി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം സ്‌ട്രെയിന്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചു.

‘കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. യു.കെയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത വേണം’, മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

25/11/20 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ജനുവരി 31 വരെ നിലനില്‍ക്കും.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

17,71,365 പേര്‍ മരിച്ചു. നിലവില്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയില്‍ 1,02,08,725 കൊവിഡ് ബാധിതരാണ് ഉള്ളത്. നിലവില്‍ 2,76,028 പേരാണ് ചികിത്സയിലുള്ളത്. 1,47,940 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു.

പ്രതിദിന കൊവിഡ് കേസുകള്‍ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. കഴിഞ്ഞദിവസം 18,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,41,138 പേര്‍ മരിച്ചു. 1.14 കോടി പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ എഴുപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്.1,91,146 പേര്‍ മരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MHA Issues Fresh Covid-19 Guidelines, Says Need to Be Vigilant as New Variant Emerging in UK

We use cookies to give you the best possible experience. Learn more