ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലം. അതേസമയം യോഗത്തില്‍പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കര്‍ഷകരെ നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിപ്പബ്ലിക് ദിന ആഘോഷം കഴിഞ്ഞയുടനെ ചെങ്കോട്ടയില്‍ കയറി കര്‍ഷകര്‍ അവരുടെ കൊടി ഉയര്‍ത്തിയതും ദല്‍ഹിയിലേക്ക് വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. വിവിധ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് മുന്‍പില്‍ ട്രാക്ടറുകള്‍ നിര്‍ത്തിയിട്ട് കര്‍ഷകര്‍ ഇപ്പോഴും മുദ്രാവാക്യം മുഴക്കുകയാണ്.
ചെങ്കോട്ട വളഞ്ഞ കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചിട്ടുണ്ട് ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.
ഇന്ന് രാവിലെയോടെയാണ് ദല്‍ഹി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകര്‍ രാജ്കോട്ട്, ചെങ്കോട്ട എന്നിവിടങ്ങള്‍ വളഞ്ഞത്. ഇതിന ്പിന്നാലെ ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ വ്യാപക സംഘര്‍ഷമാണ് ദല്‍ഹിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ നടന്നത്.
അനുമതി നല്‍കിയ വഴികളില്‍ നിന്ന് വ്യത്യസ്തമായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയതെന്നാരോപിച്ചാണ് തുടക്കത്തില്‍ പൊലീസ് കര്‍ഷകരെ തടഞ്ഞത്. ഇതോടെ സംഘര്‍ഷം ഉടലെടുത്തു. സിംഗുവില്‍ നിന്ന് പുറപ്പെട്ട് ഗാസിപ്പൂര്‍ വഴിവന്ന സംഘമാണ് ആദ്യം ദല്‍ഹിയില്‍ പ്രവേശിച്ചത്. ഇവരെ പൊലീസ് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി, കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ഐ.ടി.ഒയിലെത്തിയ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതില്‍ രോക്ഷം പൂണ്ട കര്‍ഷകര്‍ റോഡിന് കുറുകെയിട്ടിരുന്ന ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കണ്ടെയ്നറും മറിച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക