| Wednesday, 24th June 2020, 3:06 pm

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനായിരുന്നില്ല, വീരകഥാപാത്രം: എം.ജിഎസ് നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനായിരുന്നില്ലെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് ഒരു പോരാളിയായിരുന്നെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.

” സമരത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. വാരിയംകുന്നത്ത് ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരായി നിന്നു. അദ്ദേഹത്തിനാകുന്നത് പോലെ സമരം ചെയ്തുവെന്നല്ലാതെ ഒരുകക്ഷി, ഒരു പാര്‍ട്ടി എന്ന് പറയുന്നത് പോലെയൊന്നും അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നില്ല. കുറെ അനുയായികള്‍ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ പിന്നില്‍ നിന്നു. അദ്ദേഹം മുന്നില്‍ നിന്ന് സമരം ചെയ്തു. ആ സമരം വിജയിച്ചില്ല എന്നുള്ളത് വസ്തുതയാണ്,” എം.ജി.എസ് പറഞ്ഞു.

ആ കാലത്ത് എതിരില്ലാത്ത വലിയ ലോകസാമ്രാജ്യത്തിന്റെ ആധിപത്യം വഹിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരായിട്ട് നില്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളത് അത്ഭുതകരമായിട്ടുള്ള കാര്യമാണെന്നും അതുകൊണ്ടാണ് അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുകയും ചരിത്രത്തിലെ വീരകഥാപാത്രമായി അദ്ദേഹം തിളങ്ങി നില്‍ക്കുന്നതെന്നും എം.ജി.എസ് പറഞ്ഞു.

”ഹിന്ദുക്കളെ അദ്ദേഹം പീഡിപ്പിച്ചതായി രേഖകളിലൊന്നും ഞാന്‍ കണ്ടിട്ടില്ല. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥര്‍ കൂടുതലും ഹിന്ദുക്കള്‍ ആയിരുന്നു. ഹിന്ദുക്കള്‍ അധികം ജന്മികളായിരുന്നു. ആ പശ്ചാത്തലത്തില്‍ ഹിന്ദുഛായ അതിന് വന്നു എന്നുള്ളത് ശരിയാണ്. പക്ഷേ അത് ബോധപൂര്‍വ്വം ആയിട്ടുള്ള ഒന്നായി പറയാന്‍ പറ്റില്ല.അദ്ദേഹം കലാപം നടത്തി എന്നത് ഒരു വസ്തുതയാണ് അന്നത്തെ അന്തരീക്ഷത്തില്‍ പരാജയപ്പെട്ടു എന്നതും വസ്തുതയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ആ കാലത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും ആലോചിക്കുമ്പോള്‍ നമുക്ക് പല ചോദ്യങ്ങളും ഉയര്‍ത്താം. പല പുതിയ ഉത്തരങ്ങളും പ്രതീക്ഷിക്കാം എം.ജി.എസ് പറഞ്ഞു.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിത്തന്നെയാണ് താന്‍ കാണുന്നതെന്നും എം.ജി.എസ് വ്യക്തമാക്കി.

വാരിയന്‍കുന്നന്‍ എന്ന പേരില്‍ ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.
ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more