തീരുമാനം രാഷ്ട്രീയ പ്രേരിതം; സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നേതാക്കളുടെ പേരുവെട്ടാനുള്ള ഐ.സി.എച്ച്.ആര്‍ നീക്കത്തിനെതിരെ എം.ജി.എസ്.
Kerala News
തീരുമാനം രാഷ്ട്രീയ പ്രേരിതം; സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നേതാക്കളുടെ പേരുവെട്ടാനുള്ള ഐ.സി.എച്ച്.ആര്‍ നീക്കത്തിനെതിരെ എം.ജി.എസ്.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 1:22 pm

കോഴിക്കോട്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെ വിമര്‍ശിച്ച് പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍.

വാരിയംകുന്നത്തിന്റേതുള്‍പ്പെടെയുള്ള 387 മലബാര്‍ സമര നേതാക്കളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കരുതെന്നും തീരുമാനം തെളിവുകളുടെ പിന്‍ബലത്തിലല്ലെന്നും എം.ജി.എസ്. പറഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നെന്നും ഇത് വിജയിച്ചിരുന്നെങ്കില്‍, ഈ പ്രദേശത്തും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യക്ക് ആ ഭാഗം നഷ്ടപ്പെടുമായിരുന്നെന്നും സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓം ജീ ഉപാധ്യായ് പറഞ്ഞു.

അതേസമയം, 2020 ല്‍ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: MGS Narayanan against  Indian Council for Historical Research