കോഴിക്കോട്: ഇന്ത്യയില്‍ വര്‍ഗീയത മേല്‍ക്കൈ നേടാനുള്ള കാരണം ദേശീയപാരമ്പര്യവും പശ്ചാത്തലവുമുള്ള കോണ്‍ഗ്രസ്സിന്റെ അപചയം തന്നെയാണെന്ന് എം.ജി.എസ് നാരായണന്‍.
ദേശീയതലത്തില്‍ വര്‍ഗീയരാഷ്ട്രീയത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഒരു ബദല്‍ ഇല്ലാതായെന്നും കഴിവുകെട്ട രാഹുലിനെക്കൊണ്ടുവരാന്‍വേണ്ടി കഴിവുള്ള പലരേയും പറഞ്ഞയച്ച് കോണ്‍ഗ്രസ് “ആത്മഹത്യ” ചെയ്‌തെന്നും എം.ജി.എസ് നാരായണന്‍ കുറ്റപ്പെടുത്തി. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയപ്പോള്‍ പ്രണബിനെ പ്രധാനമന്ത്രിയാക്കേണ്ടിയിരുന്നു. എന്നാല്‍ ഈ ഗതി വരുമായിരുന്നില്ല. മന്‍മോഹന്‍സിങ് അദ്ദേഹത്തിന്റെ മേഖലയില്‍ കഴിവുള്ളയാളാണ്, അഴിമതിക്കാരനുമല്ല. പക്ഷേ, സോണിയ പറഞ്ഞിടത്ത് ഒപ്പിടുന്നതില്‍കവിഞ്ഞ് എന്തെങ്കിലും ചെയ്യാന്‍പറ്റുന്ന ഭരണാധികാരിയായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ അപചയം സൃഷ്ടിച്ച ശൂന്യസ്ഥലത്താണ് വര്‍ഗീയരാഷ്ട്രീയം തഴച്ചുവളര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് ഇന്നത്തെ നിലയില്‍ ബുദ്ധിമുട്ടാണെന്നും എം.ജി.എസ് പ്രതികരിച്ചു.
കണ്ണന്താനത്തിലൂടെ ക്രിസ്ത്യന്‍സമുദായത്തിലേക്കുകടന്ന് കേരളത്തില്‍ വേരുപിടിപ്പിക്കാനുള്ള മോദിയുടെ ശ്രമം വിജയിക്കുമോ എന്ന ചോദ്യത്തിന് ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ അങ്ങനെ അവഗണിക്കാന്‍ പറ്റില്ലെന്നായിരുന്നു എം.ജി.എസിന്റെ മറുപടി.
ബി.ജെ.പി. അവരുമായി അടുപ്പം ഉണ്ടാക്കിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു അട്ടിമറി ഉണ്ടായേക്കാം, ബി.ജെ.പി.ജയിച്ചേക്കാം. കോണ്‍ഗ്രസ് അത്രമേല്‍ ദുര്‍ബലമായെന്നും എം.ജി.എസ് പറയുന്നു.
സി.പി.എം.കഴിഞ്ഞാല്‍ ബി.ജെ.പി.യേ ഉള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. യു.ഡി.എഫില്‍ ഒരുപാട് മുന്നണികളുണ്ടെങ്കിലും അവര്‍ക്കിടയില്‍ ഐക്യമില്ല. കോണ്‍ഗ്രസ്സില്‍ എന്നും ഗ്രൂപ്പുകള്‍ തമ്മില്‍ തല്ലാണെന്നും ബി.ജെ.പി.യില്‍ ഉള്ളവര്‍ ഒരുമിച്ചുനില്‍ക്കുമെന്നും അതാണവര്‍ക്ക് നേട്ടമാവുകയെന്നും എം.ജി.എസ് പ്രതികരിക്കുന്നു.
ഇടതുപക്ഷത്തില്‍ പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് ദേശീയതലത്തില്‍ അവര്‍ക്ക് ശക്തിയില്ലല്ലോ പിന്നെ ഇടത് എന്നുപറയുന്നത് ആരെയാണ് എന്നായിരുന്നു എം.ജി.എസിന്റെ ചോദ്യം.
കമ്മ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍ണമായും വലതായി. പണ്ട് മാര്‍ക്സിസ്ററുകാര്‍ക്ക് ഒരു ആദര്‍ശമൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴില്ല. പിണറായി പറയുന്നതാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഐഡിയോളജി എന്നും എം.ജി.എസ് പറയുന്നു.