പുതുച്ചേരി: കോയമ്പത്തൂരില്‍ പെരിയോര്‍ പ്രതിമയ്ക്ക് കാവി പെയിന്റടിച്ച സംഭവം വിവാദമായിരുന്നു. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം പുതുച്ചേരിയിലും അരങ്ങേറിയത്.
ഇത്തവണ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും നടനുമായ എം.ജി.ആറിന്റെ പ്രതിമയ്ക്ക് നേരേയാണ് കാവി ആക്രമണം. പുതുച്ചേരി വില്ലയന്നൂര്‍ ജംഗ്ഷനിലെ എം.ജി.ആര്‍ പ്രതിമയിലാണ് അജ്ഞാതര്‍ കാവി ഷാള്‍ പുതച്ചത്. സംഭവത്തിനെതിരെ പ്രതിഷേധവുമായി എ.ഐ.ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്.
നിഷ്ഠൂരമായ നടപടിയാണിത് എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി പറഞ്ഞത്. കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 17 നാണ് സാമൂഹിക പരിഷ്‌കര്‍ത്താവും യുക്തിവാദിയുമായ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ കാവി നിറം പൂശിയ നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള പ്രതിമയിലാണ് കാവി പൂശിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സ്ഥലത്തേക്ക് ഡി.എം.കെ, എം.ഡി.എം.കെ, പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു.പെരിയോറിന്റെ പ്രതിമയില്‍ കാവി നിറം പൂശിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രതിമ കഴുകി വൃത്തിയാക്കി.
1995 ല്‍ സ്ഥാപിച്ച പെരിയോര്‍ പ്രതിമയിലാണ് കാവി നിറം പൂശിയത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. നേരത്തെ തമിഴ്‌നാട്ടില്‍ പെരിയോറിന്റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് യുവമോര്‍ച്ചയുടെ തമിഴ്‌നാട് നേതാവ് എസ്.ജി സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ