| Saturday, 17th November 2018, 8:08 pm

പരീക്കറിന് പകരം ഞങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണം; ബി.ജെ.പിയോട് സഖ്യകക്ഷി എം.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പകരം തങ്ങളുടെ നേതാവിനെ ഗോവ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പിയുടെ സംഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി രംഗത്ത്.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടക്കാല തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്നും എം.ജി.പി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.


Also Read മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; രാഹുല്‍ ഗാന്ധി


പാന്‍ക്രിയയുമായി ബന്ധപ്പെട്ട അസുഖകാരണം മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒക്ടോബര്‍ 14 മുതല്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചികിത്സയിലാണ്. ന്യൂദല്‍ഹി എയ്ംസില്‍ നിന്നും എല്ലാ ക്രമീകരണത്തോടും ഗോവയിലെ വീട്ടിലേക്ക് പരീക്കറിനെ മാറ്റുകയായിരുന്നു.

ഗോവയിലെ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക് മാറിയതോടെ മന്ദ്രേം, ശിരോദ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എം.ജി.പിയുടെ ആവശ്യം.


Also Read കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു; വെടിവെപ്പില്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് സുരേന്ദ്രന്‍


“സംസ്ഥാനത്തെ നേതൃത്വ പ്രതിസന്ധിയെക്കുറിച്ച് പാര്‍ട്ടിയുടെ സെന്റ്ട്രല്‍ കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കഴിഞ്ഞ എട്ടു മാസത്തോളമായി ഭരണം നിലച്ചിരിക്കുന്ന അവസ്ഥയാണ്”- എം.ജി.പി പ്രസിഡന്റ് ദീപക് ദവാലികര്‍ പറഞ്ഞു.

“അതു കൊണ്ട് ഭരണകാര്യത്തില്‍ ശ്രദ്ധയും ക്ഷമതയും കൊണ്ടു വരാന്‍ മുതിര്‍ന്ന എം.ജി.പി നേതാവായ സൂധിന്‍ ദവാലിക്കറിനെ എത്രയും പെട്ടെന്ന് ഗോവയുടെ മുഖ്യമന്ത്രിയാക്കണം. ആവശ്യം അടിയന്തരമായി അംഗീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എം.ജി.പി ബി.ജെ.പിക്കെതിരെ മല്‍സരിക്കും”- ദീപക് പറഞ്ഞു.

ഗോവയില്‍ എം.ജി.പിയെ കൂടാതെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ കൂട്ടുപിടിച്ചാണ് ബി.ജെ.പി ഭരണത്തിലെത്തിയത്.

We use cookies to give you the best possible experience. Learn more