തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിന് നല്‍കാനുള്ള 1316 കോടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍: മാസങ്ങളായി കൂലികിട്ടാതെ തൊഴിലാളികള്‍
Labour Right
തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിന് നല്‍കാനുള്ള 1316 കോടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍: മാസങ്ങളായി കൂലികിട്ടാതെ തൊഴിലാളികള്‍
ജിന്‍സി ടി എം
Tuesday, 9th April 2019, 10:31 am

 

മഹാപ്രളയത്തില്‍ മറ്റ് ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട കേരളത്തിലെ വലിയൊരു വിഭാഗത്തിന് ആശ്രയമായത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയായിരുന്നു. പ്രളയ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ദുരന്ത മേഖലയിലുള്ളവര്‍ക്ക് 50 തൊഴില്‍ ദിനംകൂടി കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ചിരുന്നു. എന്നാല്‍ വെയിലും മഴയും നോക്കാതെ അധ്വാനിച്ച വലിയൊരു വിഭാഗം സ്ത്രീകള്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

കേരളത്തില്‍ നിന്നും 54.17 ലക്ഷം തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 23.79 ലക്ഷം പേര്‍ പദ്ധതിയില്‍ സജീവമാണ്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളില്‍ 80% സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ മിക്ക തൊഴിലാളികള്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കൂലി നല്‍കാനുള്ളത്.

കേന്ദ്രസര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കാത്തതാണ് വേതനം വൈകുന്നതിന് കാരണമെന്നാണ് തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസര്‍മാരിലൊരാള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. എല്ലാ ജില്ലകളിലെയും തൊഴിലാളികളെ ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിനുശേഷം പണിയുടെ പൈസ തങ്ങള്‍ക്ക് കിട്ടാനുണ്ടെന്നാണ് വയനാട് കമ്പളക്കാട് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി ഉഷ ഡൂള്‍ന്യൂസിനോടു പറഞ്ഞു. 70 ദിവസത്തെ പണിയുടെ പൈസ കിട്ടാനുള്ളവരടക്കം തങ്ങളുടെ കൂട്ടത്തിലുണ്ട്. തനിക്ക് 30 ദിവസത്തെ പണിയുടെ കൂലി കിട്ടാനുണ്ടെന്നും ഉഷ പറഞ്ഞു.

‘പഞ്ചായത്തില്‍ പോയി പരാതിപ്പെട്ടാല്‍ പൈസ വരാനുണ്ട്, എത്തിയാല്‍ തരാമെന്നാണ് അവര്‍ മറുപടി പറയുന്നത്. പല കുടുംബങ്ങളും ആകെ ബുദ്ധിമുട്ടിലാണ്.കുടുംബത്തിന്റെ ഏക ആശ്രയമായവരും ഇക്കൂട്ടത്തിലുണ്ട്.’ ഉഷ പറയുന്നു.

മാര്‍ച്ച് 31 വരെ 1316കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശികയിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കാനുള്ളത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക നല്‍കേണ്ടത്.

എം.എന്‍.ആര്‍.ജി.എയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍

പ്രാരംഭ ബഡ്ജറ്റ് പ്രകാരം 5.5 കോടി തൊഴില്‍ ദിനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ 2018-19 കാലയളവില്‍ കേരളത്തിന് അനുവദിച്ചത്. പ്രളയത്തിന്റെ സാഹചര്യത്തില്‍ ഇത് 11 കോടിയായി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഒടുക്കം 7കോടിയാക്കി കേന്ദ്രം ഇത് ഉയര്‍ത്തിയിരുന്നു.

മുന്‍വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു 2018-19. 9.75 കോടി തൊഴില്‍ദിനങ്ങളാണ് ഇക്കാലയളവില്‍ കേരള സര്‍ക്കാര്‍ നല്‍കിയതെന്നാണ് എം.എന്‍.ആര്‍.ജി.എയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പരിഷ്‌കരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ 139.31% അധികമാണിത്. ദേശീയ ശരാശരിയായ 103% ത്തിനേക്കാള്‍ വളരെയധികമാണിത്. 4,41,411 കുടുംബങ്ങളാണ് 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരാള്‍ക്ക് ശരാശരി 50 തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കുമെന്നതായിരുന്നു നിലവിലെ രീതി. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി തൊഴില്‍ ദിനങ്ങള്‍ 66 ആയി ഉയരുകയും ചെയ്തിരുന്നു.

ഫണ്ട് ആവശ്യപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതേ ആവശ്യം ഉയര്‍ത്തി മാര്‍ച്ച് 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

പ്രതിപക്ഷവും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വേതന വിതരണം ഇത്രയും വൈകുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ രീതിയില്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൂലി നേരിട്ട് അനുവദിക്കുന്നതാണ് രീതി. അവിദഗ്ധ തൊഴിലാളികളുടെ കൂലി കേന്ദ്രസര്‍ക്കാറും വിദഗ്ധ തൊഴിലാളികളുടെ കൂലിയും മെറ്റീരിയല്‍ കോസ്റ്റ് ഇനത്തിലുള്ള ചിലവും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായുമാണ് നല്‍കുന്നത്.

തൊഴിലുറപ്പ് നിയമം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ വേതനം നല്‍കണം. അല്ലാത്തപക്ഷം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് നിയമം. ഇങ്ങനെയിരിക്കെയാണ് മാസങ്ങളായി തൊഴിലാളികള്‍ കൂലിയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത്.

 

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.